‘എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ചിന്തിച്ചുകൊണ്ടേയിരുന്നു...’; അവസാന പന്തിലെ തോൽവിക്കു പിന്നാലെ നിരാശനായി മോഹിത് ശർമ

അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരിലാണ് ധോണിയും സംഘവും അഞ്ചാം ഐ.പി.എൽ കിരീടം നേടിയത്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്‍റെ ജയം. ഇതോടെ ചെന്നൈ കിരീട നേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ പെയ്തതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറച്ചു. വിജയലക്ഷ്യം 171 റൺസാക്കി ചുരുക്കി. 15ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. ആ ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് മോഹിത് ശർമയും. ആദ്യത്തെ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് മോഹിത് ശർമ ഗുജറാത്തിന് കിരീട പ്രതീക്ഷ നൽകി.

അവസാന രണ്ടു പന്തിൽ ജയിക്കാൻ 10 റൺസ്. എന്നാൽ, അഞ്ചാം പന്തിൽ സിക്സും ആറാം പന്തിൽ ബൗണ്ടറിയും നേടി രവീന്ദ്ര ജദേജയാണ് ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. നീണ്ട ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ തിരിച്ചെത്തിയ മോഹിത് ശർമ മികച്ച പ്രകടനമാണ് ടൂർണമെന്‍റിലുടനീളം നടത്തിയത്.

‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐ.പി.എല്ലിലുടനീളം ഞാൻ അത് ചെയ്തു. എന്നാൽ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജദേജ അവസരം ഉപയോഗപ്പെടുത്തി. ഞാൻ ശ്രമിച്ചു, ഞാൻ മികച്ചതിന് ശ്രമിച്ചു’ -മോഹിത് ശർമ പറഞ്ഞു. മോഹിത് ശർമ അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്‍റെ അത്മവിശ്വാസം കളഞ്ഞതെന്ന തരത്തിൽ ആരാധകർ രംഗത്തെത്തിയിരുന്നു.

എന്നാൽ, ഇതെല്ലാം മോഹിത് ശർമ തള്ളിക്കളഞ്ഞു. ‘തന്‍റെ പ്ലാൻ എന്തായിരിക്കുമെന്ന് അറിയാൻ അവർ ആഗ്രഹിച്ചു. ഞാൻ വീണ്ടും യോർക്കർ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ആളുകൾ ഇപ്പോൾ അതും ഇതും പറയുന്നു, പക്ഷേ അതിലൊന്നും കാര്യമില്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നെന്നും’ താരം കൂട്ടിച്ചേർത്തു.

‘എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മറ്റൊരു ബൗൾ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. എനിക്ക് ഈ പന്തോ ആ പന്തോ എറിയാൻ കഴിഞ്ഞിരുന്നെങ്കിൽ? ഇപ്പോൾ അതൊരു നല്ല വികാരമല്ല. എവിടെയോ എന്തോ നഷ്‌ടമായെങ്കിലും ഞാൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്’ -മോഹിത് വ്യക്തമാക്കി.

Tags:    
News Summary - Mohit Sharma Breaks Silence On Final Over Failings VS Ravindra Jadeja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.