ദുബൈ: കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ മുൻ നായകൻ എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന ധോണി ലീഗിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ വിരമിക്കുമോ എന്ന പേടിയിലാണ് ആരാധകർ. എന്നാൽ സി.എസ്.കെ ജഴ്സിയിലെ തന്‍റെ ഭാവി സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ധോണി.
ചെന്നൈ ചെപ്പോക്കിൽ തന്‍റെ വിടവാങ്ങൽ മത്സരം കളിക്കാനാണ് ആഗ്രഹമെന്നാണ് സാമൂഹിക മാധ്യമത്തിൽ ആരാധകരോട് സംവദിച്ച ധോണി പറഞ്ഞത്.
സി.എസ്.കെയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ ദീപക് ചഹർ, ഇംറാൻ താഹിർ, ശർദുൽ ഠാക്കൂർ എന്നിവർക്കൊപ്പമായിരുന്നു ധോണി ആരാധകരുടെ ചോദ്യത്തിന് ലൈവ് സെഷനിലൂടെ മറുപടി പറഞ്ഞത്.
താരത്തിന്‍റെ അവസാന മത്സരത്തിന് സാക്ഷിയാവാനാകാത്തതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ ആരാധിക എന്തുകൊണ്ടാണ് ആഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറിൽ നിന്ന് വിരമിച്ചതെന്ന് ധോണിയോട് ചോദിച്ചു.
'ആഗസ്റ്റ് 15-അതിനേക്കാൾ മികച്ച ദിവസമായിരിക്കില്ല. വിടവാങ്ങലിന്‍റെ കാര്യം വരുമ്പോൾ, നിങ്ങൾക്ക് ഞാൻ സി.എസ്.കെക്ക് വേണ്ടി കളിക്കുന്നത് കാണാൻ കഴിയും. അതാണ് എന്‍റെ വിടവാങ്ങൽ മത്സരം. എനിക്ക് വിട നൽകാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഞങ്ങൾ ചെന്നൈയിലേക്ക് വരും. എന്‍റെ അവസാന മത്സരം അവിടെ വെച്ച് കളിക്കണമെന്നും എന്‍റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു' -ധോണി പറഞ്ഞു.
മറുപടിയിലൂടെ അടുത്ത സീസൺ ഐ.പി.എല്ലിലും ചെന്നൈയെ നയിക്കാൻ താനുണ്ടാകുമെന്ന് 'തല' സൂചന നൽകിയത്. 40 കാരൻ ടീമിനെ 11ാം തവണ ഐ.പി.എൽ പ്ലേഓഫിലെത്തിച്ചിരുന്നു.
കഴിഞ്ഞ തവണ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ഇക്കുറി പ്ലേഓഫ് ബെർത്തുറപ്പിക്കുന്ന ആദ്യ ടീമായി മാറിയത്. ലീഗിലെ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ കുറിച്ച വിമർശനങ്ങൾ ഉയരുേമ്പാഴും ക്യാപ്റ്റൻസിയെ കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.