ആസ്വദിക്കാൻ കഴിയാവുന്നത്ര ക്രിക്കറ്റ് കളിക്കണം; ഐ.പി.എൽ കളിക്കുമെന്ന സൂചന നൽകി ധോണി

ചെന്നൈ: ഐ.പി.എല്ലിൽ കളിക്കുമെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിങ്സിന്‍റെ സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി. ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഐ.പി.എൽ ഗവേണിങ് കൗൺസിലിനു കൈമാറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന്‍റെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ധോണി തന്നെ ഒടുവിൽ പ്രതികരിച്ചത്.

2025 സീസണിൽ മാത്രമല്ല, തുടർന്നും ഐ.പി.എൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും ആസ്വദിക്കാൻ കഴിയാവുന്ന അത്ര ക്രിക്കറ്റ് കളിക്കണമെന്നും താരം പറഞ്ഞു. ഐ.പി.എല്ലില്‍ മുമ്പുണ്ടായിരുന്ന അണ്‍കാപ്ഡ് നിയമം അടുത്തിടെ ഐ.പി.എല്‍ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചു വര്‍ഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ് ഈ നിയമം. ഇത് ധോനിക്കു വേണ്ടിയാണെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. നാലു കോടി രൂപക്ക് ധോണിയെ ടീമില്‍ നിലനിര്‍ത്താനാകും. 2019ൽ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

‘കുറച്ച് വർഷങ്ങൾ‌ കൂടി ആസ്വദിക്കാൻ കഴിയാവുന്ന അത്ര ക്രിക്കറ്റ് കളിക്കണം. ഒമ്പത് മാസം കായികക്ഷമത നിലനിർത്താനായി ഞാൻ ശ്രമിക്കുന്നു. അതിനാൽ രണ്ടര മാസത്തെ ഐ.പി.എൽ കളിക്കാൻ എനിക്ക് കഴിയും’ -ധോണി ഒരു സ്വകാര്യ പരിപാടിയിൽ പറഞ്ഞു. ചെറുപ്പത്തിൽ നാല് മണിക്കാണ് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നത്. എന്നാൽ പ്രഫഷനൽ ക്രിക്കറ്റ് വെറുതെ കളിച്ചിട്ട് പോരാനാകില്ല. ചെറുപ്പത്തിലെ പോലെ ക്രിക്കറ്റ് ആസ്വദിക്കുകയാണ് ഇപ്പോൾ വേണ്ടത്. അതൊരിക്കലും എളുപ്പമല്ല. കാരണം ടീമിനോട് പ്രതിബന്ധതയുണ്ട്. എങ്കിലും കുറച്ച് വർഷം കൂടി ക്രിക്കറ്റ് ആസ്വദിക്കണമെന്നും ധോണി കൂട്ടിച്ചേർത്തു.

ഐ.പി.എൾ തന്നെയാണ് താരത്തിന്‍റെ മനസ്സിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. അതിനാൽ പുതിയ ഐ.പി.എല്ലിലും ചെന്നൈ ജഴ്സിയിൽ താരത്തെ ആരാധകർക്ക് കാണാനാകും. കഴിഞ്ഞ ഐ.പി.എല്ലിന് തൊട്ടു മുമ്പാണ് താരം ചെന്നൈയുടെ നായകസ്ഥാനം രാജിവെച്ചത്. ഇതോടെ താരത്തിന്റെ അവസാന ഐ.പി.എല്ലാകും ഇതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നു തന്നെയാണ് ഇന്നും ധോണി.

Tags:    
News Summary - MS Dhoni Breaks Silence On IPL Future Ahead Of Retention Deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.