ബിസിസിഐ എംഎസ് ധോണിയെ പിന്തുണച്ചതുപോലെ മറ്റ് ഇന്ത്യൻ താരങ്ങളെയും പിന്തുണച്ചിരുന്നെങ്കിൽ പലരും മികച്ച ക്രിക്കറ്റ് താരങ്ങളായി മാറുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. ടീമിലെ മറ്റ് കളിക്കാരെ അപേക്ഷിച്ച് മുൻ നായകൻ ധോണിക്ക് പ്രത്യേക പിന്തുണ ലഭിച്ചിരുന്നുവെന്നും താരം സീ ന്യൂസിനോട് പറഞ്ഞു.
''ബി.സി.സി.ഐ ധോണിക്ക് നൽകിയ അതേ പിന്തുണ മറ്റുള്ള താരങ്ങൾക്ക് നൽകിയിരുന്നെങ്കിൽ അവരും നന്നായി കളിച്ചേനെ, അല്ലാതെ, പെട്ടന്ന് ഒരു ദിവസം അവരെല്ലാം ബാറ്റ് വീശാനും പന്തെറിയാനും മറന്നതല്ല. തനിക്ക് കൂടുതൽ കാലം കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ 100-150 വിക്കറ്റുകൾ കൂടി നേടാൻ കഴിഞ്ഞേനെയെന്നും'' ഹർഭജൻ വ്യക്തമാക്കി.
"ഭാഗ്യം എപ്പോഴും എന്നെ അനുകൂലിച്ചു. എന്നാൽ, ചില ബാഹ്യ ഘടകങ്ങൾ എന്റെ പക്ഷത്തായിരുന്നില്ല, ഒരുപക്ഷേ, അവ എനിക്ക് പൂർണ്ണമായും എതിരായിരുന്നു. ഞാൻ ബൗൾ ചെയ്യുന്ന രീതിയോ അല്ലെങ്കിൽ എന്‍റെ മുന്നോട്ടുള്ള പോക്കിലെ അനുപാതമോ ആണ് അതിന് കാരണം. 400 വിക്കറ്റ് വീഴ്ത്തുമ്പോൾ എനിക്ക് 31 വയസ്സായിരുന്നു, 4-5 വർഷം കൂടി കളിക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, ഞാൻ സ്വയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നോക്കുകയാണെങ്കിൽ, എനിക്ക് 100-150 വിക്കറ്റുകളോ അതിൽ കൂടുതലോ നേടുമായിരുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. " ഭാജി കൂട്ടിച്ചേർത്തു.
അടുത്തിടെ എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഹർഭജൻ, 1998-ൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ബാംഗ്ലൂരിൽ വെച്ചാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 103 ടെസ്റ്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച താരം 32.46 ശരാശരിയിൽ 417 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 236 ഏകദിനങ്ങളിൽ നിന്നായി 33.35 ശരാശരിയിൽ 269 വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.