റാഞ്ചി: ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരിൽ കരാറുണ്ടാക്കി വഞ്ചിക്കുകയും 15 കോടി രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുൻ ബിസിനസ്സ് പങ്കാളികൾക്കെതിരെ പരാതി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി.
ആര്‍ക്ക സ്പോർട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് ധോണി റാഞ്ചി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ല്‍ ധോണിയുമായി ആർക്ക സ്പോർട്സ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാൻ സ്ഥാപനം തയാറായില്ല.
ഫ്രാഞ്ചൈസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്പോർട്സ് താരത്തെ വഞ്ചിക്കുകയായിരുന്നു. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗൽ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. 2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്പോര്‍ട്സുമായുള്ള കരാർ ധോണി റദ്ദാക്കി. ആര്‍ക്ക സ്പോര്‍ട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്.
പുതിയ ഐ.പി.എൽ സീസണുള്ള തയാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ കൂടിയായ 42കാരൻ ധോണി. കഴിഞ്ഞ സീസൺ താരത്തിന്‍റെ അവസാന ഐ.പി.എല്ലാകുമെന്ന് വ്യാപക അഭ്യൂഹങ്ങളുണ്ടായിരുന്നു. കാൽമുട്ടിലെ പരിക്കാണ് താരത്തെ അലട്ടിയിരുന്നത്. അഞ്ചു തവണയാണ് ചെന്നൈ സൂപ്പർ കിങ്സിനെ ധോണി കിരീടത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.