2020 ആഗസ്തിലായിരുന്നു മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് നായകനായി 41-കാരനായ ധോണി ഈ വര്‍ഷവും തുടരുമെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം, ഐ.പി.എൽ 2023ന് വേണ്ടി ഫ്രാഞ്ചൈസികളെല്ലാം തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
തലയുടെ നേതൃത്വത്തിലുള്ള ടീമിന്റെ വരവിനായി ചെന്നൈ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിനിടെ ആരാധകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും നെഞ്ചിടിപ്പേറ്റിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ധോണി. 'നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആവേശകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി ഞാന്‍ പങ്കുവെക്കുന്നുണ്ടെന്നും എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ്' ധോണിയുടെ പോസ്റ്റുകൾ പറയുന്നത്.
അതോടെ ആരാധകർ ഊഹാപോഹങ്ങളുമായി രംഗത്തുവരികയും ചെയ്തു. ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചേക്കുമെന്ന ഭീതിയാണ് അവർ പങ്കുവെക്കുന്നത്. പോസ്റ്റിന്റെ ഉദ്ദേശം അതുതന്നെയാണെന്നും അവർ പറയുന്നു. 41 കാരനായ താരം ഐ.പി.എൽ 2023 സീസണിൽ കളിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, ധോണി കാരണം, വലിയ ആരാധക പിന്തുണയുള്ള ചെന്നൈ ഒരു തവണ കൂടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇറങ്ങാൻ പരമാവധി ശ്രമം നടത്തുന്നുണ്ട്. അതിനിടെയാണ് സുപ്രധാന അറിയിപ്പുമായി ധോണിയെത്തുന്നത്. വിരമിക്കൽ പ്രഖ്യാപനം തന്നെയാണ് നാളെ ധോണി നടത്താൻ പോകുന്നതെന്നാണ് പലരുടെയും അഭിപ്രായം. റോബിൽ ഉത്തപ്പ, റെയ്ന എന്നീ താരങ്ങൾക്ക് പിന്നാലെ, ചെന്നൈ ടീമിൽ നിന്നും തലയും പടിയിറങ്ങുന്നത് സഹിക്കാനാകില്ലെന്നാണ് ആരാധകർ കുറിക്കുന്നത്. എന്തായാലും ഞായറാഴ്ച രണ്ടുമണിയാകാനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.
കഴിഞ്ഞ സീസണിൽ ധോണിക്ക് പകരം ജഡേജയെ നായകനാക്കിയായിരുന്നു ചെന്നൈ ഇറങ്ങിയത്. ടീമിന് തുടർ പരാജയങ്ങളായിരുന്നു നേരിടേണ്ടി വന്നത്. പിന്നാലെ, ധോണി തന്നെ നായകനായി തിരിച്ചെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.