ഫുട്ബാളിലായാലും ക്രിക്കറ്റിലായായും ഏഴാം നമ്പർ ജഴ്‌സി ഏറെ പ്രസിദ്ധമാണ്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് ബെക്കാം, പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിലൂടെയാണ് ഏഴാം നമ്പർ ജഴ്സിക്ക് ഫുട്ബാളിൽ ഏറെ ആരാധകരുണ്ടാകുന്നത്.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയിലൂടെയാണ് ക്രിക്കറ്റിൽ ഏഴാം നമ്പർ ജനപ്രിയമാകുന്നത്. സൂപ്പർ നായകനുള്ള ആദരമായി ബി.സി.സി.ഐ ഏഴാം നമ്പർ ജഴ്സിയുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏഴാം നമ്പർ ജഴ്സി ഇനി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ആർക്കും അനുവദിക്കില്ല. ടീം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ച ധോണിയോടുള്ള ബഹുമാന സൂചകമായാണ് ഏഴാം നമ്പർ ജഴ്സിക്ക് മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ തീരുമാനിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ധോണി വിരമിച്ചെങ്കിലും പിന്നീട് മറ്റാർക്കും ഏഴാം നമ്പർ ജഴ്സി നൽകിയിരുന്നില്ല. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലും ഏഴാം നമ്പറിൽ തന്നെയാണ് ധോണി കളിക്കുന്നത്. ഒടുവിൽ ഏഴാം നമ്പർ ജഴ്സി തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. താൻ ഭൂമിയിൽ വരണം എന്ന് മാതാപിതാക്കൾ തീരുമാനമെടുത്ത സമയമാണിതെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ധോണി നൽകിയ മറുപടി.
‘ജൂലെ ഏഴിനാണ് ഞാൻ ജനിച്ചത്. ജൂലൈ ഏഴാം മാസമാണല്ലോ. 1981ആണ് എന്‍റെ ജനനവര്‍ഷം. എട്ടിൽ നിന്ന് ഒന്ന് കുറച്ചാലും ഏഴാണല്ലോ. ഇതൊക്കെ കാരണമാണ് ഞാനന്നാ നമ്പർ തെരഞ്ഞെടുത്തത്’ -ധോണി പറഞ്ഞു. 2020 ആഗസ്റ്റ് 15നാണ് ആരാധകരെയെല്ലാം ഞെട്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത്.
2007 ട്വന്‍റി20 ലോലകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു. 2023 ചാമ്പ്യൻസ് ട്രോഫി കിരീടവും നേടി. നേരത്തേ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജഴ്സിക്കും ബി.സി.സി.ഐ വിരമിക്കൽ പ്രഖ്യാച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.