മുംബൈ: ചെന്നൈ സൂപർ കിങ്സ് ഉയർത്തിയ മോശമല്ലാത്ത ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയായിരുന്ന രാജസ്ഥാനെ ഒറ്റ മന്ത്രത്തിൽ വീഴ്ത്തി ധോണി മാജിക്. എതിരാളികൾ എളുപ്പം ജയിക്കുമായിരുന്ന കളിയാണ് ധോണിയുടെ വിലപ്പെട്ട രഹസ്യോപദേശം മൈതാനത്ത് നടപ്പാക്കി ജഡേജ ചെന്നൈക്ക് അനുകൂലമാക്കി മാറ്റിയത്.
ആദ്യം ബാറ്റു ചെയ്ത ചെന്നൈക്കുവേണ്ടി ആരും കാര്യമായി തിളങ്ങിയില്ലെങ്കിലും എല്ലാവരും ചേർന്ന് 20 ഓവറിൽ 188 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിരയിൽ മനാൻ വോറയും സഞ്ജു സാംസണും നേരത്തെ കൂടാരം കയറിയെങ്കിലും ഓപണർ ജോസ് ബട്ലറും ശിവം ദുബെയും ചേർന്ന് രക്ഷാദൗത്യം ഏറ്റെടുത്തു. അനായാസമായിരുന്നു ഇരുവരുടെയും ചേസിങ്.
അതിവേഗം ബാറ്റുവീശിയ ബട്ലർ അർധ സെഞ്ച്വറിക്ക് തൊട്ടരികെ 49ൽ നിൽക്കെയായിരുന്നു കാര്യങ്ങൾ മാറിമറിഞ്ഞത്. ആദ്യം എറിഞ്ഞ രണ്ട് ഓവറിൽ 22 റൺസ് വിട്ടുനൽകിയ ജഡേജയുടെ ഒരു പന്ത് സ്റ്റേഡിയം കടത്തി ബട്ലർ ആഘോഷമാക്കിയപ്പോൾ പുതിയ പന്ത് എടുക്കേണ്ടിവന്നു. പുതിയ പന്തിന്‍റെ ആനുകൂല്യം നന്നായി അറിയാമായിരുന്ന ധോണി ജഡേജയെ അടുത്ത ഓവർ കൂടി നൽകി. കൂടെ ചെവിയിൽ ഉപദേശവും. തൊട്ടടുത്തുള്ള സ്റ്റംപ്സിലെ മൈക് ഈ വാക്കുകൾ ഒപ്പിയെടുത്തതോടെയാണ് വിവരം പുറംലോകമറിയുന്നത്.
പുതിയ പന്ത് നന്നായി സ്പിൻ ചെയ്യുമെന്നും പിച്ച് ഉണങ്ങിയതായതിനാൽ ബട്ലർ മുന്നോട്ടുകയറി ആഞ്ഞുവീശാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഉപദേശം. ഇത് കണക്കാക്കി വിക്കറ്റ് മാത്രം ലക്ഷ്യമിട്ട് എറിഞ്ഞ ജഡേജ അനായാസം ബട്ലറുടെ കുറ്റി പിഴുതു. ബട്ലർ മടങ്ങിയതിൽ പിന്നെ നാല് വിക്കറ്റുകൾ കൂടി അതിവേഗം വീണ രാജസ്ഥാൻ എല്ലാം കൈവിട്ട് വൻതോൽവിയിലേക്കു മൂക്കുകുത്തുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ശേഷം പന്തെറിഞ്ഞ മുഈൻ അലി തൊട്ടടുത്ത ഓവറിൽ ഡേവിഡ് മില്ലറെയും റിയാൻ പരാഗിനെയും മടക്കിയപ്പോൾ നാലാം ഓവറിൽ ജഡേജ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. മുഈൻ അലി ക്രിസ് മോറിസിനെയും മടക്കി. പിന്നീടെല്ലാം എളുപ്പമായിരുന്നു.
ജഡേജയുടെ പ്രകടനം കണ്ട മൈക്കൽ വോൻ താരത്തെ എന്തുകൊണ്ട് വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും കൂടെ ഒന്നാം നിരയിൽ ബി.സി.സി.ഐ പരിഗണിക്കുന്നില്ലെന്ന ചോദ്യവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.