ലഖ്നോ: മുംബൈ ഇന്ത്യൻസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ എതിർ ബൗളർമാർ പിടിച്ചുകെട്ടിയ ഐ.പി.എൽ പോരാട്ടത്തിൽ ലഖ്നോക്ക് ജയിക്കാൻ 145 റൺസ്. ടീമിലെ പേരുകേട്ട കൂറ്റനടിക്കാർ റണ്ണടിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 144ലെത്തിയത്. 41 പന്തിൽ 46 റൺസെടുത്ത നേഹൽ വധേരയാണ് സന്ദർശകരുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ നാല് റൺസെടുത്ത താരത്തെ മുഹ്സിൻ ഖാന്റെ പന്തിൽ സ്റ്റോയിനിസ് കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ സൂര്യകുമാർ യാദവിനും അധികം ആയുസുണ്ടായില്ല. ആറ് പന്തിൽ പത്ത് റൺസെടുത്ത സൂര്യയെ സ്റ്റോയിനിസിന്റെ പന്തിൽ കെ.എൽ രാഹുൽ പിടികൂടി. ഏഴ് റൺസെടുത്ത തിലക് വർമ റണ്ണൗട്ടാവുകയും ഹാർദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ പുറത്താവുകയും ചെയ്തതോടെ 5.2 ഓവറിൽ നാലിന് 27 എന്ന നിലയിലേക്ക് മുംബൈ വീണു. ഒരറ്റത്ത് പിടിച്ചുനിന്ന ഇഷാൻ കിഷനും ആറാമനായെത്തിയ നെഹാൽ വധേരയും ചേർന്ന് പതിയെ കരകയറ്റിയെങ്കിലും സ്കോർ ബോർഡിൽ കാര്യമായ കുതിച്ചുകയറ്റമുണ്ടായില്ല. സ്കോർ 80ൽ എത്തിയപ്പോൾ ഇഷാൻ കിഷനും വീണു. രവി ബിഷ്‍ണോയിയുടെ പന്തിൽ മായങ്ക് യാദവ് പിടികൂടുകയായിരുന്നു.
41 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 46 റൺസെടുത്ത നെഹാൽ വധേര മുഹ്സിൻ ഖാൻ എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ സ്റ്റമ്പ് തെറിച്ച് മടങ്ങുകയും ചെയ്തതോടെ ആറിന് 112 എന്ന നിലയിലായി. ശേഷമെത്തിയ മുഹമ്മദ് നബിയെ (1) പരിക്കിൽനിന്ന് മുക്തനായെത്തിയ മായങ്ക് യാദവും തിരിച്ചയച്ചു. നബിയുടെ ബാറ്റിൽ തട്ടിയ ശേഷം പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡാണ് സ്കോർ 140 കടത്തിയത്. ഡേവിഡ് 18 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്തും ജെറാൾഡ് കോയറ്റ്സി ഒരു റൺസുമായും പുറത്താവാതെനിന്നു.
ലഖ്നോക്കായി മുഹ്സിൻ ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ മാർകസ് സ്റ്റോയിനിസ്, നവീനുൽ ഹഖ്, മായങ്ക് യാദവ്, രവി ബിഷ്‍ണോയ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.