മുംബൈ: പരിക്കുകാരണം ശ്രീലങ്കൻ പേസ് ബൗളർ ദിൽഷൻ മധുഷങ്ക പുറത്തായെങ്കിലും നാളെ തുടങ്ങുന്ന ഐ.പി.എൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങുക ആ ആശങ്കകളൊന്നുമില്ലാതെ. മധുഷങ്കക്കു പകരം ദക്ഷിണാഫ്രിക്കയുടെ അതീവ പ്രതിഭാധനനായ കൗമാര പേസ് ബൗളറെ അണിയിലെത്തിച്ചാണ് മുംബൈ തങ്ങളുടെ ബൗളിങ് ഡിപ്പാർട്മെന്റിന് കരുത്തു പകർന്നിരിക്കുന്നത്.
ക്രിക്കറ്റിലെ ഭാവിവാഗ്ദാനമെന്ന് പേരെടുത്ത 17കാരൻ ക്വേന എംഫാകയാണ് മധുഷങ്കക്ക് പകരക്കാരനായി ടീമിനൊപ്പം ചേരുന്നത്. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ 21 വിക്കറ്റുകളുമായി െപ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയ താരമാണ് എംഫാക. ഈ ഇടൈങ്കയന്റെ 21 വിക്കറ്റുകൾ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഒരു പേസ് ബൗളറുടെ എക്കാലത്തേയും മികച്ച പ്രകടനമാണ്.
‘എംഫാക ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന രീതിയിൽ പ്രതിഭാധനനും ഭാവിയിൽ ഉന്നതമായ പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ക്രിക്കറ്ററുമാണ് എംഫാക. അതിവേഗത്തിൽ പന്തെറിയാൻ കേമനാണവൻ. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനുവേണ്ടി 15-ാം വയസ്സിൽതന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 17 വയസ്സിനകം രണ്ടുതവണ അണ്ടർ 19 ലോകകപ്പിൽ കളിച്ചു. മണിക്കൂറിൽ 140 കി.മീ വേഗത്തിൽ പന്തെറിയാനും ഡെത്ത് ബൗളിങ്ങിൽ മൂർച്ചയേറിയ യോർക്കറുകളുതിർക്കാനുമുള്ള എംഫാകയുടെ മികവ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ശ്രദ്ധേയമായിരുന്നു’ -മുംബൈ ഇന്ത്യൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ഇക്കുറി അണ്ടർ 19 ലോകകപ്പിന്റെ സെമിയിലെത്തിയിരുന്നു. അതിന് ചുക്കാൻ പിടിച്ചത് തീതുപ്പുന്ന പന്തുകളുമായി എംഫാകയായിരുന്നു. ദക്ഷിണാഫ്രിക്ക എ, ദക്ഷിണാഫ്രിക്ക എമേർജിങ് ടീമുകൾക്കായി കൗമാരതാരം ഇതിനകം കളത്തിലിറങ്ങിയിട്ടുണ്ട്. ബൗളിങ് കോച്ചായ മുൻ ലങ്കൻ പേസർ ലസിത് മലിംഗ, ആധുനിക ക്രിക്കറ്റിലെ മിന്നുംപേസറായ ജസ്പ്രീത് ബുംറ എന്നീ പ്രഗല്ഭർക്കൊപ്പം മുംബൈ ഇന്ത്യൻസിൽ തന്റെ കഴിവുകൾ തേച്ചുമിനുക്കാൻ എംഫാകക്ക് അവസരമൊരുങ്ങും. 2014 ഐ.പി.എല്ലിൽ ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.