മുംബൈ: ഐ.പി.എല്ലിൽ തോൽവിയിൽനിന്ന് തോൽവിയിലേക്ക് കൂപ്പുകുത്തി മുംബൈ ഇന്ത്യൻസ്. ലഖ്നോ സൂപ്പർ ജയന്റ്സിനോട് 36 റൺസിനാണ് മുംബൈ തോറ്റത്. മുംബൈയുടെ ഈ സീസണിലെ തുടർച്ചയായ എട്ടാം തോൽവിയാണിത്. ഒരു പോയിന്റ് പോലും നേടാനാവാത 10-ാം സ്ഥാനത്താണ് രോഹിതും സംഘവും. ഇതോടെ മുംബൈയുടെ നോക്കൗട്ട് പ്രതീക്ഷകൾ അസ്തമിച്ചു. സ്കോർ: ലഖ്നോ സൂപ്പർ ജയന്റ്സ് - 168/6 (20), മുംബൈ ഇന്ത്യൻസ് - 132/8 (20).
ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ നായകൻ ലോകേഷ് രാഹുലിന്റെ സെഞ്ച്വറി (103 നോട്ടൗട്ട്) മികവിലാണ് ലഖ്നോ സൂപ്പർ ജയന്റ്സിന് പൊരുതാവുന്ന സ്കോർ ഉയർത്തിയത്. ആദ്യം ബാറ്റുചെയ്ത ലഖ്നോ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്.
രാഹുലിന് സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. മുംബൈ ഇന്ത്യൻസിനെതിരെ ആദ്യ കളിയിലും രാഹുൽ മൂന്നക്കം കടന്നിരുന്നു. മറ്റു ബാറ്റർമാരൊക്കെ നിറംമങ്ങിയപ്പോൾ രാഹുൽ ഒറ്റക്കാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
62 പന്തിൽ നാലു സിക്സും 12 ബൗണ്ടറിയും സഹിതമാണ് രാഹുലിന്റെ സെഞ്ച്വറി. മനീഷ് പാണ്ഡെ (22), ആയുഷ് ബദോനി (14), ക്വിന്റൺ ഡികോക് (10), ദീപക് ഹൂഡ (10), ക്രുണാൽ പാണ്ഡ്യ (1), മാർകസ് സ്റ്റോയ്നിസ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ജേസൺ ഹോൾഡർ (0) രാഹുലിനൊപ്പം പുറത്താവാതെ നിന്നു. മുംബൈക്കായി കീറൺ പൊള്ളാർഡും റിലെ മെറഡിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും ഡാനിയൽ സാംസും ഓരോ വിക്കറ്റ് വീതമെടുത്തു.
പതിയെ തുടങ്ങിയ ലഖ്നോക്കായി രാഹുലും ഡികോകും ശ്രദ്ധാപൂർവം ബാറ്റുചെയ്തപ്പോൾ തങ്ങളുടെ മുൻ താരത്തെ പുറത്താക്കി നാലാം ഓവറിലാണ് മുംബൈ ആദ്യ വെടിപൊട്ടിച്ചത്. ബുംറയുടെ പന്തിൽ തിലക് വർമയുടെ കൈയിൽനിന്ന് രക്ഷപ്പെട്ട ഡികോക് തൊട്ടടുത്ത പന്തിൽ രോഹിതിന്റെ ക്യാച്ചിലൊടുങ്ങുകയായിരുന്നു. വൺഡൗണായെത്തിയ പാണ്ഡെ പതിവ് മെല്ലെപ്പോക്കിൽനിന്ന് പുറത്തുകടക്കാനാവാതെ ഉഴറിയപ്പോൾ മറുവശത്ത് രാഹുൽ അടങ്ങിയിരുന്നില്ല. അതിവേഗം ബാറ്റുവീശിയ വലംകൈയ്യൻ സ്കോറുയർത്തി.
എന്നാൽ 12-ാം ഓവർ ബൗൾ ചെയ്യാനെത്തിയ പൊള്ളാർഡ് കളി മാറ്റി. പാണ്ഡെയെ മെറഡിത്തിന്റെ കൈയിലെത്തിച്ച വിൻഡീസുകാരൻ തന്റെ അടുത്ത ഓവറിൽ ക്രുണാൽ പാണ്ഡ്യയെ ഋത്വിക് ഷോകീനിന്റെ കൈയിലുമൊതുക്കി.
അതിനിടെ സ്റ്റോയ്നിസിനെ സാംസ് തിലക് വർമക്ക് ക്യാച്ച് നൽകിയും പുറത്താക്കി. ഇതോടെ ഒന്നിന് 85 എന്ന നിലയിൽനിന്ന് ലഖ്നോ നാലിന് 103ലേക്ക് വീണു. പിന്നീട് ഹൂഡയെയും ബദോനിയെയും കൂട്ടുപിടിച്ച് രാഹുൽ ടീമിനെ 168ലെത്തിക്കുകയായിരുന്നു.
39 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈ നിരയിലെ ടോപ്സ്കോറർ. തിലക് വർമ 38ഉം കിറോൺ പൊള്ളാർഡ് 19 റൺസുമെടുത്തു. മറ്റുള്ളവർ ആരും രണ്ടക്കം കടന്നില്ല. ലഖ്നോവിന് വേണ്ടി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. എട്ട് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ലഖ്നോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.