കൊൽക്കത്തക്കെതിരെ മുംബൈക്ക് 158 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത: ഈഡൻ ഗാർഡനിൽ മഴമൂലം വൈകിയും ഓവർ വെട്ടിച്ചുരുക്കിയും നടന്ന ഐ.പി.എൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 158 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെ‍യ്ത കൊൽക്കത്ത നിശ്ചിത 16 ഓവറിൽ ഏഴ് വിക്കറ്റിന് 157 റൺസ് നേടി. 21 പന്തിൽ 42 റൺസെടുത്ത വെങ്കടേഷ് അയ്യരാണ് ടോപ് സ്കോറർ.

മഴമൂലം സമയത്തിന് ടോസ് പോലും ചെയ്യാനാവാതിരുന്ന കളി രണ്ട് മണിക്കൂറോളം വൈകിയാണ് പുനരാരംഭിച്ചത്. ആദ്യ പന്തിൽത്തന്നെ തുഷാര പെരേരയെ സിക്സറിച്ച് അക്കൗണ്ട് തുറന്ന ഫിൽ സാൾട്ടിന് പക്ഷെ ഇതേ ഓവറിൽ മടങ്ങേണ്ടി വന്നു. മറ്റൊരു സിക്സിനുള്ള ശ്രമത്തിൽ അൻഷുൽ കംബോജ് പിടിച്ചു. രണ്ടാം ഓവറിൽ ബുംറയെത്തി. മിന്നൽ വേഗത്തിലൊരു യോർക്കർ. സുനിൽ നരെയ്ന്റെ കഥ കഴിഞ്ഞു. കുറ്റിതെറിച്ച നരെയ്ൻ ഗോൾഡൻ ഡക്കായി. പത്ത് റൺസിൽ രണ്ട് വിക്കറ്റ് വീണ ടീമിനെ കരകയറ്റേണ്ട ചുമതല വെങ്കടേഷിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കുമായി. വെങ്കടേഷ് കത്തിക്കയറിയതോടെ സ്കോർ ഉയർന്നു. കംബോജ് എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ്സും (10 പന്തിൽ 7) ക്ലീൻ ബൗൾഡ്. സ്കോർ മൂന്നിന് 40.

നിതീഷ് റാണക്കൊപ്പം രക്ഷാപ്രവർത്തനം തുടർന്ന വെങ്കടേഷിന് പീയുഷ് ചൗളയെത്തിയതോടെ പിഴച്ചു. എട്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച്. 77ൽ നാലാം വിക്കറ്റ് വീണു. റാണക്കൊപ്പം ആന്ദ്രെ റസ്സൽ. പത്ത് ഓവറിൽ സ്കോർ 97. പിന്നാലെ സ്കോർ മൂന്നക്കം കടത്തി ഇരുവരും മുന്നോട്ട്. ബുംറ എറിഞ്ഞ 12ാം ഓവറിൽ രണ്ട് ബൗണ്ടറി നേടുകയും എൽ.ബി.ഡബ്ല്യൂ റിവ്യൂ അതിജീവിക്കുകയും ചെയ്ത നിതീഷിനെ (23 പന്തിൽ 33) അവസാന പന്തിൽ റണ്ണൗട്ടാക്കി തിലക് വർമ.

അഞ്ചിന് 116. ചൗളയെ ഗാലറിയിലേക്ക് പറത്തി വരവറിയിച്ചു റിങ്കു സിങ്. 14 പന്തിൽ 24 റൺസെടുത്ത റസ്സൽ ചൗള‍യെ സിക്സടിക്കാൻ ശ്രമിച്ചത് കംബോജിന്റെ കൈകളിൽ. അവസാന ഓവറുകളിൽ റിങ്കുവും രമൺദീപ് സിങ്ങുമായിരുന്നു ക്രീസിൽ. ബുംറ എറിഞ്ഞ 16ാം ഓവറിലെ രണ്ടാം പന്തിൽ റിങ്കു (12 പന്തിൽ 20) ഇഷാൻ കിഷന്റെ ഗ്ലാസിലൊതുങ്ങി. 150ന് അരികിലെത്തിയിരുന്നു അപ്പോൾ കൊൽക്കത്ത. എട്ട് പന്തിൽ 17 റൺസുമായി രമൺദീപ് പുറത്താവാതെ നിന്നു. ബുംറയും ചൗളയും രണ്ട് വീതം വിക്കറ്റെടുത്തു.

Tags:    
News Summary - Mumbai Indians target 158 runs against Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.