അബൂദബി: വിജയിക്കുന്നവർക്ക് േപ്ല ഓഫ് ഉറപ്പിക്കാവുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുംബൈ ഇന്ത്യൻസ് അഞ്ചുവിക്കറ്റിന് തകർത്തു. 164 റൺസിെൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്കായി സൂര്യകുമാർ യാദവ് (43 പന്തിൽ നിന്നും 79) ഉദിച്ചുയരുകയായിരുന്നു. സമ്മർദമേറിവന്ന ഘട്ടത്തിലും അനായാസം റൺസടിച്ചുകൂട്ടിയ സൂര്യകുമാർ മുംബൈയെ കരപിടിച്ചുകയറ്റി. വിജയത്തോടെ 12 കളികളിൽ നിന്നും 16 പോയൻറുമായി മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തേക്ക് കയറി. 12 കളികളിൽ നിന്നും 14 പോയൻറുള്ള ബാംഗ്ലൂർ രണ്ടാംസ്ഥാനത്ത് തുടരുന്നു.
ക്വിൻറൺ ഡികോക്, ഇഷാൻ കിഷൻ, സൗരഭ് തിവാരി അടക്കമുള്ളവരെ ബാംഗ്ലൂർ ബൗളിങ് നിര വേഗം മടക്കിയെങ്കിലും ഒരറ്റത്ത് വട്ടമിട്ടു നിന്ന സൂര്യകുമാർ ബാംഗ്ലൂരിെൻറ നെഞ്ചിടിപ്പേറ്റിക്കൊണ്ടേയിരുന്നു. ഐ.പി.എൽ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻടീമിലിടം പിടിക്കാനാകത്തതിെൻറ അരിശം വിരാട് കോഹ്ലിക്ക് മുമ്പിൽ സൂര്യകുമാർ യാദവ് അടിച്ചുതീർത്തു. വൈറ്ററൻ പേസർ ഡെയ്ൽ സ്റ്റെയിനെ കളത്തിലിറക്കിയ ബാംഗ്ലൂരിെൻറ തീരുമാനം പിഴച്ചു. നാലോവറിൽ 43 റൺസ് വഴങ്ങിയ പഴയ പടക്കുതിരക്ക് വിക്കറ്റൊന്നും എടുക്കാനുമായില്ല. മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി മോഹിപ്പിക്കുന്ന തുടക്കമാണ് ദേവ്ദത്ത് പടിക്കൽ നൽകിയത്. 12 ബൗണ്ടറികളും ഒരു സിക്സറും അഴകേകിയ ഇന്നിങ്സിനൊടുവിൽ ബുംറയുടെ പന്തിൽ ബോൾട്ടിന് പിടികൊടുത്ത് ദേവ്ദത്ത് മടങ്ങുകയായിരുന്നു. സൗരഭ് തിവാരിയുടെ ഉഗ്രൻ ക്യാച്ചുമെടുത്ത ദേവ്ദത്ത് ദിവസം ഓർമിക്കാനുള്ളതാക്കി മാറ്റി.
ആരോൺ ഫിഞ്ചിന് പകരക്കാരനായി ദേവ്ദത്തിനൊപ്പം ഓപ്പണിങ്ങിലെത്തിയ ജോഷ് ഫിലിപ്പെ (33) ഒത്ത കൂട്ടായി . എന്നാൽ തുടർന്നെത്തിയ വിരാട് കോഹ്ലി (9) , എബി ഡിവില്ലിയേഴ്സ് (15) അടക്കമുള്ള വൻതോക്കുകൾ പരാജയമായി മടങ്ങി. നാലോവറിൽ 14 റൺസ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറ അവസാന ഓവറുകളിൽ വരിഞ്ഞുകെട്ടിയതിനാൽ 180ലധികം സ്കോർ ചെയ്യാനുള്ള ബാംഗ്ലൂരിെൻറ മോഹം പൊലിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.