മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പൊട്ടിത്തെറി‍? രഹസ്യ കൂടിക്കാഴ്ച നടത്തി രോഹിത്തും ബുംറയും സൂര്യകുമാറും!

മുംബൈ: ഐ.പി.എൽ 2024 സീസണിൽ പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്. ബുധനാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനോട് ലഖ്നോ സൂപ്പർ ജയന്‍റ്സ് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയത്.

കഴിഞ്ഞ പത്തു വർഷം ടീമിനെ നയിച്ച രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിലാണ് ഇത്തവണ മുംബൈ കളിക്കാനിറങ്ങിയത്. രോഹിത്തിനെ മാറ്റിയ മാനേജ്മെന്‍റ് തീരുമാനം ആരാധകരുടെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. സീസണിലെ ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഹാർദിക്കിനെ ഒരുവിഭാഗം ആരാധകർ കൂവി വിളിച്ചാണ് മൈതാനത്തേക്ക് വരവേറ്റത്. മുംബൈക്ക് സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്ക് തീർത്തും നിരാശപ്പെടുത്തി.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരിക്കും താഴെയായിരുന്നു ഹാർദിക്കിന്‍റെ പ്രകടനം. താരത്തിന്‍റെ ക്യാപ്റ്റൻസി രീതികളിൽ ടീമിലെ മുതിർന്ന താരങ്ങൾക്ക് ഉൾപ്പെടെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നിലവിൽ 12 മത്സരങ്ങളിൽ നാലു ജയം മാത്രമുള്ള മുംബൈ എട്ടു പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ഇതിനിടെയാണ് ടീമിലെ മുതിർന്ന താരങ്ങളായ രോഹിത്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ടീമിലെ വിവിധ പ്രശ്നങ്ങൾ ഇവർ ഒരുമിച്ചിരുന്നും ഒറ്റക്കൊറ്റക്കും ചർച്ച ചെയ്തതായാണ് വിവരം.

ക്യാപ്റ്റനായുള്ള ഹാർദിക്കിന്‍റെ കടന്നുവരവ് ടീമിൽ പലവിധ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഡ്രസ്സിങ് റൂമിൽ ഉൾപ്പെടെ ഇത് പ്രകടമായിരുന്നു. തിലക് വർമയുടെ മന്ദഗതിയിലുള്ള തുടക്കമാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈയുടെ പരാജയത്തിനു കാരണമെന്ന് മത്സരശേഷം ഹാർദിക് പറഞ്ഞിരുന്നു. ഇത് ടീം ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണായി. ആ മത്സരത്തിൽ ടീമിന്‍റെ ടോപ് സ്കോറർ തിലകായിരുന്നു. 32 പന്തിൽ 63 റൺസാണ് താരം നേടിയത്. സീസണിൽ മുംബൈയുടെ ടോപ് സ്കോറർ കൂടിയാണ് തിലക്.

Tags:    
News Summary - Mutiny In Mumbai Indians? Report Says Rohit Sharma, Jasprit Bumrah and Suryakumar Yadav Held A Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.