പെർത്ത്: ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ആസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ ബൗളറെന്ന നേട്ടമാണ് പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ താരം സ്വന്തമാക്കിയത്. ഫഹീം അഷ്റഫിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഷെയിൻ വോണിനും െഗ്ലൻ മക്ഗ്രാത്തിനും ശേഷം 500 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഓസീസ് ബൗളറായി 36കാരൻ മാറിയത്. 123ാം മത്സരത്തിലാണ് അതുല്യ നേട്ടം.
800 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. 708 വിക്കറ്റ് നേടിയ ഷെയിൻ വോൺ രണ്ടാമതുള്ളപ്പോൾ ഇപ്പോഴും കളി തുടരുന്ന ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ 690 വിക്കറ്റുമായി തൊട്ടുപിന്നിലുണ്ട്. അനിൽ കുംെബ്ല (619), സ്റ്റുവർട്ട് ബ്രോഡ് (604), െഗ്ലൻ മക്ഗ്രാത്ത് (563), കോർട്നി വാൽഷ് (519) എന്നിവരാണ് ലിയോണിന് മുമ്പ് 500 വിക്കറ്റ് വീഴ്ത്തിയവർ.
496 വിക്കറ്റുമായാണ് പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന് ലിയോൺ ഇറങ്ങിയത്. നാലാം ദിവസം ഫഹീം അഷ്റഫിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 500 വിക്കറ്റിലെത്തി. ആമിർ ജമാലിനെ കൂടി പുറത്താക്കി എണ്ണം 501ലെത്തിച്ചു. 2011ലാണ് ലിയോൺ ആസ്ട്രേലിയക്കായി അരങ്ങേറിയത്. ടെസ്റ്റിൽ നാല് തവണ 10 വിക്കറ്റ് വീഴ്ത്തിയ താരം 23 തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്.
ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താൻ 360 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഓസീസ് ഉയർത്തിയ 450 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വെറും 89 റൺസിന് പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.