മെൽബൺ: വിരാട് കോഹ്ലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങിയതും രോഹിത് ശർമ ഇനിയും ടീമിനൊപ്പം ചേരാത്തതും മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബോക്സിങ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചവർ വളരെ ചുരുക്കമായതിരുന്നു. എന്നാൽ അഡ്ലെയ്ഡ് ഓവലിൽ 36 റൺസിന് പുറത്തായി നാണം കെട്ട ഇന്ത്യ പരമ്പര തോറ്റമ്പുമെന്ന് പ്രവചിച്ചവർ നിരവധിയാണ്. മുൻ ഇംഗ്ലീഷ് നായകനും കമേന്ററ്ററുമായ മൈക്കൽ വോൺ, മുൻ ആസട്രേലിയൻ നായകൻ റിക്കി പോണ്ടിങ് എന്നിവർ ഇന്ത്യ പരമ്പരയിൽ സമ്പുർണ്ണ തോൽവി ഏറ്റുവാങ്ങുമെന്ന് പ്രവചിച്ചു.
'പറഞ്ഞില്ലേ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയയോട് 4-0ത്തിന് തോൽക്കാൻ പോകുകയാണ്' വോൺ ഡിസംബർ 19ന് ട്വീറ്റ് ചെയ്തു. ഇപ്പോൾ എം.സി.ജിയിൽ എട്ട് വിക്കറ്റിന്‍റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയ വേളയിൽ മുൻതാരങ്ങളെ പൊങ്കാലയിടുകയാണ് ആരാധകർ.
ബോളിവുഡ് സിനിമയിലെ ഒരു രംഗം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫറും വോണിനെ ട്രോളിയിട്ടുണ്ട്. 'നിങ്ങൾ എന്താണ് അവസാനം പറഞ്ഞത്? വൈറ്റ്വാഷ്?' എന്ന കുറിപ്പോടെയുള്ള മീമാണ് വോണിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ജാഫർ പങ്കുവെച്ചത്.
അഡ്ലെയ്ഡ് ഫലത്തിന് പിന്നാലെ കോഹ്ലിയില്ലാതെ ഇന്ത്യ ആസ്ട്രേലിയയെ തോൽപിച്ചാൽ അവർക്ക് ഒരു വർഷം സന്തോഷിക്കാനുള്ള വകയായെന്ന് മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക് അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെയെല്ലാം പ്രവചനങ്ങളെ കാറ്റിൽ പറത്തിയ പ്രകടനമാണ് അജിൻക്യ രഹാനെക്ക് കീഴിൽ ഇന്ത്യ കാഴ്ചവെച്ചത്. നാലാം ദിനം ആസ്ട്രേലിയ ഉയർത്തി 70 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
നാലാം ദിനം രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് 200 റൺസിന് പുറത്തായി. 69 റൺസ് മാത്രമായിരുന്നു ആതിഥേയരുടെ ലീഡ്. മായങ്ക് അഗർവാളിന്‍റെയും (5) ചേതേശ്വർ പുജാരയുടെയും (3) വിക്കറ്റുകൾ നേരത്തെ നഷ്ടമായെങ്കിലും സ്റ്റൈലിഷ് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും (35*) രഹാനെയും (27*) ടീമിനെ അനായാസം വിജയതീരമണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.