ഇന്ത്യൻ ടീമിന് മുംബൈയിൽ നൽകിയ സ്വീകരണം, ആദിത്യ താക്കറെ

ലോകകപ്പ് ഫൈനൽ മുംബൈയിലല്ലാതെ നടത്തരുത് -ബി.സി.സി.ഐയെ വിമർശിച്ച് ആദിത്യ താക്കറെ

മുംബൈ: ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് മുംബൈയിൽ നൽകിയ ആവേശോജ്വല വരവേൽപ്, പ്രധാന ടൂർണമെന്‍റുകളുടെ ഫൈനൽ മുംബൈയിലല്ലാതെ മറ്റൊരിടത്ത് നടത്തരുതെന്ന സന്ദേശമാണ് നൽകുന്നതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനൽ അഹ്മദാബാദിൽ നടത്തിയ ബി.സി.സി.ഐയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് താക്കറെയുടെ പ്രതികരണം. ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റിരുന്നു.

“ഇന്നലെ മുംബൈയിൽ നടന്ന ആഘോഷം ബി.സി.സി.ഐക്കുള്ള ശക്തമായ സന്ദേശം കൂടിയാണ്. ലോകകപ്പ് ഫൈനൽ ഒരിക്കലും മുംബൈയിൽനിന്ന് മാറ്റരുത്” -ആദിത്യ താക്കറെ എക്സിൽ കുറിച്ചു. എന്നാൽ താക്കറെയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധിപേർ കമന്‍റിട്ടു. മുംബൈയിൽ എന്നല്ല, ഇന്ത്യയിലെ ഏത് പ്രധാന നഗരത്തിൽ എത്തിയാലും ടീം ഇന്ത്യക്ക് ഗംഭീര വരവേൽപ് നൽകുമെന്നും ഇന്ത്യക്കാർ ക്രിക്കറ്റിനെ അത്ര വൈകാരികമായി കാണുന്നവരാണെന്നും ചിലർ പറഞ്ഞു. മുംബൈയുടെ പേരിൽ വിദ്വേഷമുണ്ടാക്കാനാണ് താക്കറെ ശ്രമിക്കുന്നതെന്ന് ചിലർ വിമർശിച്ചു.

അതേസമയം, 13 വർഷത്തെ ഇടവേളക്ക് ശേഷം മറ്റൊരു ലോകകിരീടവുമായെത്തിയ ഇന്ത്യൻ സംഘത്തിന് മുംബൈയിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. മുംബൈയിലെ തെരുവുകൾ ജനസാഗരമായി. നായകൻ രോഹിതും സംഘവും പ്രത്യേകം തയാറാക്കിയ തുറന്ന ബസിലാണ് ലോകകപ്പ് ട്രോഫിയുമായി നഗരം ചുറ്റിയത്. പതിനായിരങ്ങളുടെ ഹർഷാരവങ്ങൾക്കിടെ മുംബൈ മറൈൻ ഡ്രൈവിൽനിന്നും ആരംഭിച്ച വിക്ടറി പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായകമായ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയമാണ് വാങ്കഡെ. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരവും ഇവിടെയായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ലോകകപ്പിന്‍റെ പ്രധാനവേദി അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമായിരുന്നു. ഇതേ വേദിയിൽ നടന്ന ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ആസ്ട്രേലിയ കിരീടം സ്വന്തമാക്കി.

Tags:    
News Summary - 'Never take away WC final from Mumbai,' Thackeray takes swipe at BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.