സച്ചിനും കോഹ്‍ലിയും ധോണിയുമല്ല, ഇന്ത്യൻ ക്രിക്കറ്റർമാരിലെ അതിസമ്പന്നർ ഈ രണ്ടുപേർ

ന്യൂഡൽഹി: ഇന്ത്യയിലെ ക്രിക്കറ്റർമാരിൽ ഏറ്റവും സമ്പന്നൻ ആരാണ്?. സച്ചിൻ തെണ്ടുൽകർ, വിരാട് കോഹ്‍ലി, എം.എസ് ധോണി...ഇങ്ങനെ പോകും മറുപടികൾ. കളിയിൽനിന്ന് ലഭിച്ചതിനേക്കാൾ പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിലൂടെ അതിസമ്പന്നരായവരാണ് ഇവർ. സച്ചിന് 1250 കോടിയുടെയും കോഹ്‍ലിക്ക് 1050 കോടിയുടെയും ധോണിക്ക് 1040 കോടിയുടെയും ആസ്തിയുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ.

എന്നാൽ, ഇന്ത്യൻ ക്രിക്കറ്റർമാരിൽ 20,000 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള രണ്ടുപേരുണ്ടെന്ന് പറഞ്ഞാൽ കായികപ്രേമികൾ വിശ്വസിച്ചെന്ന് വരില്ല. മധ്യപ്രദേശുകാരനും 2018ൽ രാജസ്ഥാൻ റോയൽസ് താരവുമായിരുന്ന ആര്യമൻ ബിർലയാണ് ഇതിൽ മുമ്പൻ. 70,000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. മറ്റെയാളുടെ പേര് സമർജിത്ത് സിങ് ഗെയ്ക്‍വാദ്. 20,000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

എന്നാൽ, ഇരുവരും ക്രിക്കറ്റ് കരിയറിൽനിന്ന് സമ്പാദിച്ച് കോടീശ്വരന്മാരായതല്ല. 26കാരനായ ആര്യമൻ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർലയുടെ മകനാണ്. 2018ൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപക്കാണ് ഐ.പി.എൽ ടീം രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തിരുന്നത്. അവർക്കുവേണ്ടി കളത്തിലിറങ്ങാനായില്ലെങ്കിലും മധ്യപ്രദേശിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. 2017-18 രഞ്ജി സീസണിൽ അരങ്ങേറ്റം കുറിച്ച താരം 2018ൽ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. ഒമ്പത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി 414 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഓരോ സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടും. കായികരംഗത്തുനിന്ന് തൽക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് ആര്യമൻ ബിർല.

4.95 കോടി ലക്ഷം രൂപയാണ് ആദിത്യ ബിർല ഗ്രൂപ്പിന്റെ ആസ്തി. ഗ്രാസിം, ഹിൻഡാൽകോ, ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ, ആദിത്യ ബിർല കാപിറ്റൽ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നതാണ് ആദിത്യ ബിർല ബിസിനസ് ശൃംഖല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഡയറക്ടർമാരായി ആര്യമൻ ബിർലയും സഹോദരി അനന്യ ബിർലയും നിയമിതരായത്.

ഗുജറാത്തിലെ രാജകുടുംബാംഗമായ സമർജിത്ത് സിങ്, രഞ്ജിത്ത് സിങ്ങിന്റെയും ശുഭാംഗിണിയുടെയും മകനായി 1967ലാണ് ജനിച്ചത്. ഡെറാഡൂണിലെ സ്കൂളിൽ പഠിക്കുന്നതിനിടെ സ്കൂൾ ക്രിക്കറ്റ്, ഫുട്ബാൾ, ടെന്നിസ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പിതാവിന്റെ മരണശേഷം ലഭിച്ച സ്വത്താണ് 20,000 കോടി രൂപ. 600 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കൊട്ടാരമടക്കം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

Tags:    
News Summary - Not Sachin, Kohli and Dhoni, these two are the richest Indian cricketers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.