ഐ.പി.എല്ലിൽ തലകൾ ഉരുളും! ധോണിക്കു പകരക്കാരനായി പന്ത്? രോഹിത്തും സൂര്യയും പുതിയ തട്ടകത്തിലേക്ക്...

മുംബൈ: ഐ.പി.എൽ 2025 സീസൺ താര ലേലത്തിനു മുന്നോടിയായി ടീമുകൾ വലിയ മാറ്റത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ താരങ്ങളെ നിലനിർത്തുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ സീസണിലേക്കുള്ള ഒരുക്കം ഐ.പി.എൽ ടീമുകൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

സൂപ്പർതാരം എം.എസ്. ധോണിക്കു പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ കടമ്പയാണ് ചെന്നൈ സൂപ്പർ കിങ്സിനു മുന്നിലുള്ളത്. ധോണി സജീവമായി കളത്തിലിറങ്ങാൻ സാധ്യത വിരളമാണെന്നും താരത്തിന്‍റെ അവസാന ഐ.പി.എൽ സീസണാകും ഇത്തവണയെന്നും ഏറെക്കുറെ ഉറപ്പാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ധോണിക്കു പകരം ടീമിന്‍റെ നായകനായി ഋഷഭ് പന്തിനെ പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണിൽ ഋതുരാജ് ഗെയ്ക് വാദാണ് ടീമിനെ നയിച്ചിരുന്നത്. ടീം പ്ലേ ഓഫിലെത്തിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴു മത്സരങ്ങൾ ജയിക്കുകയും അത്രയും തന്നെ മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്ത ചെന്നൈ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ധോണിയെ കാൽമുട്ടിലെ പരിക്കും വലക്കുന്നുണ്ട്. 2023ൽ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും കഴിഞ്ഞ സീസണിൽ കാൽമുട്ടിലെ വേദന സഹിച്ചതാണ് താരം കളിക്കാനിറങ്ങിയത്. ഋഷഭ് പന്തിന്‍റെ ക്യാപ്റ്റൻസിയിൽ ഡൽഹി കാപിറ്റൽസ് തൃപ്തരല്ലെന്നും താരത്തെ ടീമിൽ നിലനിർത്താനുള്ള സാധ്യത കുറവാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്ങിനെ ഡൽഹി പുറത്താക്കിയിരുന്നു. അതേസമയം, ഡൽഹി ടീം ഡയറക്ടർ സൗരവ് ഗാംഗുലി പന്തിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പന്തിനെ ഡൽഹി ഇത്തവണ നിലനിർത്തിയില്ലെങ്കിൽ താരത്തെ ടീമിലെത്തിക്കുന്നത് ചെന്നൈ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്. തലമുറ മാറ്റത്തിനൊരുങ്ങുന്ന ചെന്നൈ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ടോപ് വിക്കറ്റ് കീപ്പറെ തന്നെ ടീമിലെത്തിക്കാനാണ് നീക്കം.

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പകരക്കാരനെ അന്വേഷിക്കുകയാണ്. കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയാണ് ഗംഭീർ പടിയിറങ്ങിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇത്തവണ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്നും സൂചനകളുണ്ട്. ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച് നായകനാക്കിയതു മുതൽ മുംബൈ ടീമിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. കൊൽക്കത്ത ഇരുവരെയും ലക്ഷ്യമിടുന്നുണ്ട്. ലഖ്നോ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ. രാഹുലും പുതിയ തട്ടകം തേടുമെന്നാണ് വിവരം.

കഴിഞ്ഞ ഐ.പിഎ.ൽ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ മത്സരശേഷം രാഹുലിനെ പരസ്യമായി വഴക്കു പറഞ്ഞത് ഏറെ വിവാദമായിരുന്നു. രാഹുലിനെ ടീമിലെത്തിക്കാൻ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Rishabh Pant on CSK's radar as Dhoni's replacement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.