വിവാഹമോചനശേഷം ഹാർദിക് സമ്പാദ്യത്തിന്‍റെ 70 ശതമാനം നടാഷക്ക് നൽകണോ?

മുംബൈ: അഭ്യൂഹങ്ങൾ ശരിവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപിരിഞ്ഞിരിക്കുന്ന. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇരുവരും വ്യക്തമാക്കി.

പാണ്ഡ്യയുടെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കിയതോടെയാണ് ഇരുവർക്കും ഇടയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്. ഐ.പി.എല്ലിലും ട്വന്‍റി20 ലോകകപ്പിലും നടാഷയുടെ അസാന്നിധ്യം ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹം ശക്തമാക്കി. ഇതിനിടയിലും വിഷയത്തിൽ പ്രതികരിക്കാൻ ഹാർദിക്കും നടാഷയും തയാറായില്ല. വിവാഹമോചന കരാർ പ്രകാരം ഹാർദിക്ക് തന്‍റെ സമ്പാദ്യത്തിന്‍റെ 70 ശതമാനം നടാഷക്ക് നൽകണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, വിവാഹ മോചനത്തില്‍ നടാഷ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെക്കുറിച്ചും ഇരുകക്ഷികളും തമ്മിലുള്ള കരാറിനെക്കുറിച്ചും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. 2018ലെ ഒരു അഭിമുഖത്തില്‍, തന്റെ സ്വത്തിന്റെ 50 ശതമാനം അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് തന്റെ സ്വത്തിന്റെ വലിയൊരു ഭാഗം കൊടുക്കേണ്ടിവരില്ല. ഏകദേശം 91 കോടി രൂപയാണ് താരത്തിന്‍റെ മൊത്തം ആസ്തി. ഇന്ത്യൻ നിയമപ്രകാരം നടാഷക്ക് ഹാർദിക്കിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകും. ഇരുവർക്കും മൂന്നു വയസ്സുള്ള അഗസ്ത്യ എന്ന മകനുണ്ട്. നടാഷ കഴിഞ്ഞ ദിവസം മകനൊപ്പം മുംബൈയിൽനിന്ന് ജന്മനാടായ സെർബിയയിലേക്കു പോയിരുന്നു. പിന്നാലെയാണ് വേർപിരിയുന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയത്.

ബുദ്ധിമുട്ടേറിയ തീരുമാനമെന്നും തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അഭ്യർഥിച്ചു. ‘നാലു വർഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പരസ്പര സമ്മതത്തോടെ പിരിയുകയാണ്. ഒന്നായിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേർക്കും ഏറ്റവും തല്ലതെന്ന് വിശ്വസിക്കുന്നു. സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ഒന്നിച്ചാസ്വദിച്ച്, കുടുംബമായി വളർന്നതിനാൽ ഇത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും പിന്തുണക്കണമെന്നും അഭ്യര്‍ഥിക്കുന്നു’ -ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020ലാണ് ഹാർദികും നടാഷയും വിവാഹിതരാകുന്നത്. അതേ വർഷം തന്നെയാണ് അഗസ്ത്യ ജനിക്കുന്നതും. നടാഷ ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്.

Tags:    
News Summary - Will Natasa Stankovic Get 70% Of Hardik Pandya’s ₹91 Crore Net Worth Post Divorce?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.