'ഇന്ത്യ കളിച്ചില്ലെങ്കിൽ ക്രിക്കറ്റ് അവസാനിക്കുകയൊന്നുമില്ല'; വിവാദ പരാമർശവുമായി പാകിസ്താൻ താരം

ഇസ്‍ലാമാബാദ്: 2025ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ വിവാദ പരാമർശവുമായി പാകിസ്താൻ താരം ഹസൻ അലി. ഇന്ത്യ കളിക്കാൻ വന്നില്ലെങ്കിൽ ക്രിക്കറ്റ് അവസാനിക്കുകയൊന്നുമില്ലെന്നാണ് പാകിസ്താൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ പ്രതികരണം. പാകിസ്താനിൽ കളിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ, ടൂർണമെന്റ് ഹൈബ്രിഡ് രീതിയിൽ വിവിധ രാജ്യങ്ങളിലായി നടത്തണമെന്ന ആവശ്യം ബി.സി.സി​.ഐ ഉന്നയിച്ചതായി റി​പ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലോ യു.എ.ഇയിലോ നടത്തണമെന്നാണ് ആവശ്യം. ഏഷ്യാ കപ്പ് ഈ രീതിയിലാണ് നടത്തിയിരുന്നത്. എന്നാൽ, വിഷയത്തിൽ ഇതുവരെ സമവായമായിട്ടില്ല. ഇതിനിടെയാണ് ഹസൻ അലിയുടെ അഭിപ്രായപ്രകടനം.

ഹസൻ അലി

‘പാകിസ്താൻ ടീം ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കിൽ ഇവിടേക്ക് വരാൻ അവരും തയാറാകണം. പാകിസ്താനില്‍ കളിക്കാനുള്ള ആഗ്രഹം പല ഇന്ത്യൻ താരങ്ങളും അഭിമുഖങ്ങളിലും മറ്റും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാറിന്റെയും ബോർഡിന്റെയും നയങ്ങൾ അവർക്ക് പരിഗണിക്കേണ്ടി വരുന്നു. സ്​പോർട്സും ആഭ്യന്തര പ്രശ്നങ്ങളും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന കാര്യം മുമ്പ് പലരും പറഞ്ഞിട്ടുള്ളതാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നതെങ്കിൽ അത് പാകിസ്താനിൽ മാത്രമേ നടക്കൂ. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ കൂടാതെ ഞങ്ങൾ കളിക്കും. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ക്രിക്കറ്റ് അവസാനിച്ചെന്ന് അർഥമില്ല’ -ഹസൻ അലി വ്യക്തമാക്കി.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2012-2013ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി പരമ്പര കളിച്ചത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയായിരുന്നു വേദിയായത്. എന്നാൽ, ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ പ​​ങ്കെടുത്തിരുന്നു. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്. 

Tags:    
News Summary - 'There's no end to cricket if India doesn't play'; Pakistani star with controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.