മുംബൈ: ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സഞ്ജു സാംസൺ തുടങ്ങിയിട്ടേ ഉള്ളൂവെന്നും അദ്ദേഹത്തിൽനിന്ന് കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന്റെ മുന്നേറ്റം കഠിനാധ്വാനത്തിന്റെ ഫലമാണ്. സഞ്ജുവിനെ ഏറ്റവും യോജിച്ച നമ്പരിൽ ബാറ്റിങ്ങിനിറക്കുക എന്നത് പ്രധാനമാണെന്നും ഗംഭീർ പറഞ്ഞു. സഞ്ജുവിന്റെ സമീപകാല പ്രകടങ്ങൾക്കു പിന്നിൽ പരിശീലകന്റെ പങ്കിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.
“സഞ്ജുവിന്റെ മുന്നേറ്റം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അതിനുവേണ്ടി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടിയുള്ള സംഭാവന സഞ്ജു തുടങ്ങിയിട്ടേയുള്ളൂ. മികച്ച ഫോമിൽ തന്നെ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. കൂടുതൽ മികച്ച പ്രകടനങ്ങൾ ഇനിയും വരും. അദ്ദേഹത്തെ ഏറ്റവും യോജിച്ച നമ്പരിൽ ബാറ്റിങ്ങിനിറക്കുകയും പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് പ്രധാനം” -ഗംഭീർ പറഞ്ഞു.
കൂടുതൽ യുവതാരങ്ങൾ ടീമിലേക്ക് എത്തുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഭാവി നിർണയിക്കുന്നത് യുവ താരങ്ങളാണ്. ആസ്ട്രേലിയയിലേക്ക് പോകുന്ന ടെസ്റ്റ് സംഘത്തിൽ പരിചയ സമ്പരായ താരങ്ങളാണ് കൂടുതലായുള്ളത്. യുവതാരങ്ങൾക്ക് കൃത്യമായ മാർഗനിർദേശം നൽകാൻ അവർക്കാകും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാൻ പരമ്പരയിലെ പ്രകടനം ഇന്ത്യക്ക് നിർണായകമാണെന്നും ഗംഭീർ ചൂണ്ടിക്കാണിച്ചു.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. എന്നാൽ രണ്ടാം ട്വന്റി20യിൽ നേരിട്ട മൂന്നാം പന്തിൽ റണ്ണൊമന്നുമെടുക്കാതെ താരം മടങ്ങിയത് ആരാധകർക്ക് നിരാശയായി. ഈ വർഷം നാലാം തവണയാണ് സഞ്ജു പൂജ്യമായി മടങ്ങുന്നത്. കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ ഡക്കാകുന്ന ഇന്ത്യൻ താരമെന്ന മോശം റെക്കോഡും താരത്തിന്റെ പേരിലായി. നാല് മത്സര പരമ്പര നിലവിൽ 1-1 എന്ന നിലയാണ്. മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.