ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം സമ്മാനിച്ചതിനു പിന്നിൽ ഇന്ത്യൻ വേരുകളുള്ള യുവ ഓൾ റൗണ്ടർ രചിൻ രവീന്ദ്രയുടെ സെഞ്ച്വറി പ്രകടനമാണ്. ഇംഗ്ലണ്ട് കുറിച്ച 283 റൺസ് വിജയലക്ഷ്യം രചിന്റെയും (96 പന്തിൽ 123*) ഡെവൻ കോൺവേയുടെയും (121 പന്തിൽ 152*) അപരാജിത സെഞ്ച്വറി കരുത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ഒമ്പത് വിക്കറ്റിനായിരുന്നു ജയം.
രചിനും കോൺവേയും ചേർന്നു രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 82 പന്തിലാണ് രചിൻ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. കിവീസിനായി ലോകകപ്പിൽ സെഞ്ച്വറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി രചിൻ. 13 ഏകദിനങ്ങളുടെ മാത്രം അനുഭവപരിചയമുള്ള താരം തന്‍റെ ക്ലാസ് പ്രകടനത്തോടെ ഈ ലോകകപ്പിന്‍റെ താരോദയമാകുമെന്ന സൂചനയാണ് നൽകുന്നത്.
ജനിച്ചതും വളർന്നതും ന്യൂസിലൻഡിലെ വെല്ലിങ്ടനിലാണെങ്കിലും രചിന്റെ മാതാപിതാക്കൾ രവി കൃഷ്ണമൂർത്തിയും ദീപ കൃഷ്ണമൂർത്തിയും ബംഗളൂരു സ്വദേശികളാണ്. കടുത്ത ക്രിക്കറ്റ് ആരാധകനായ രവിയുടെ ഇഷ്ടതാരങ്ങൾ സചിനും രാഹുൽ ദ്രാവിഡുമായിരുന്നു. ഈ താരങ്ങളോടുള്ള ആരാധന കൊണ്ടാണ് രാഹുലിന്റെ ‘രാ’യും സചിന്റെ ’ചിന്നും’ ചേർത്ത് മകന് രചിൻ എന്ന് പേരിട്ടത്.
‘അതെ, അവർ രണ്ടുപേരും (സചിനും രാഹുൽ ദ്രാവിഡും) ഏറെ പ്രത്യേകതകളുള്ള താരങ്ങളാണെന്ന് ഞാൻ കരുതുന്നു. വ്യക്തമായും, ഞാൻ ധാരാളം കഥകൾ കേട്ടും വിഡിയോകൾ കണ്ടുമാണ് വളർന്നത്. എന്റെ മാതാപിതാക്കൾ പത്യേകിച്ച് പിതാവും പഴയ സ്‌കൂൾ ക്രിക്കറ്റ് താരങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ട്’ -രചിൻ പറഞ്ഞു.
സചിനാണ് എന്‍റെ ആരാധനപാത്രം. ഒരുപാട് ആളുകൾക്കും സചിനായിക്കും. അദ്ദേഹത്തിന്‍റെ ബാറ്റിങ് രീതികളും ടെക്നിക്കുകളും കാണാൻ മനോഹരമായിരുന്നു. ഞാനൊരു ഇടംകൈയൻ ബാറ്ററായതിനാൽ ബ്രയൺ ലാറയെയും കുമാർ സംഗക്കാരെയും ഏറെ ഇഷ്ടപ്പെടുന്നു, പക്ഷേ തീർച്ചയായും സചിനാണ് ആരാധനപാത്രമെന്നും 23കാരനായ രചിൻ മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.