ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരം ആറു വിക്കറ്റിന് ജയിച്ചെങ്കിലും ഓപണർമാരടക്കം മൂന്നു മുൻനിര ബാറ്റർമാർ പൂജ്യത്തിന് പുറത്തായതിന്റെ ആഘാതം ഇനിയും ഇന്ത്യൻ ക്യാമ്പിനെ വിട്ടുപോയിട്ടില്ല. കെ.എൽ. രാഹുലും വിരാട് കോഹ്ലിയും കാഴ്ചവെച്ച മികച്ച ഇന്നിങ്സുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, 200 റൺസ് ലക്ഷ്യം നേടാതെ ആതിഥേയ ബാറ്റിങ്നിര കൂടാരം കയറിയേനേ.
ഏകദിന ലോകകപ്പില്‍ ബുധനാഴ്ച അഫ്ഗാനിസ്താനെതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന രോഹിത് ശർമയും സംഘവും ലക്ഷ്യമിടുന്നത് വമ്പൻ ജയമാണ്. പത്തിൽ നാല് ടീമുകൾക്കാണ് സെമി ഫൈനൽ പ്രവേശനമെന്നിരിക്കെ ദുർബല എതിരാളികളെ വൻ മാർജിനിൽ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. ഇന്ത്യയെ നേരിടാൻ തയാറായി കരുത്തർ പലരും നിൽക്കെ ചെറിയ കൈപ്പിഴക്കുപോലും വലിയ വില കൊടുക്കേണ്ടി വരും.
ഡെങ്കിപ്പനി ബാധിതനായ ഓപണർ ശുഭ്മൻ ഗില്ലിന്റെ അഭാവം ആതിഥേയ നിരയിലുണ്ടാക്കിയിരിക്കുന്ന വിടവ് ചെറുതല്ല. പകരം അവസരം ലഭിച്ച ഇഷാൻ കിഷൻ ആദ്യ കളിയിൽ സമ്പൂർണ പരാജയമായിരുന്നു. ക്യാപ്റ്റൻ രോഹിതും ശ്രേയസ് അയ്യരും തഥൈവ. എങ്കിലും ബാറ്റർമാർ ഇന്ന് റൺസ് കണ്ടെത്താൻ വിഷമിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്. ബൗളിങ് നിര ഓസീസിനെതിരെ മികവ് പുറത്തെടുത്തു. ഇന്നും മൂന്ന് സ്പിന്നർമാരെ പരീക്ഷിച്ചാൽ പേസർ മുഹമ്മദ് ഷമി പുറത്തുതന്നെയിരിക്കേണ്ടിവരും.
അങ്ങനെയെങ്കിൽ രവിചന്ദ്രൻ അശ്വിൻ പ്ലേയിങ് ഇലവനിൽ തുടരും. അഫ്ഗാനിസ്താൻ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ആറു വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ്. ഹഷ്മത്തുല്ല ഷാഹിദി നയിക്കുന്ന സംഘം ബാറ്റിങ്ങിൽ പരാജയമായതാണ് തോൽവിയിലേക്ക് നയിച്ചത്. ഓപണർ റഹ്മാനുല്ല ഗുർബാസ് ഒഴികെ ആർക്കും പിടിച്ചുനിൽക്കാനായില്ല.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്, ശാർദുൽ ഠാകുർ.
അഫ്ഗാനിസ്താൻ: ഹഷ്മത്തുല്ല ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്റാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജീബുല്ല സദ്റാൻ, മുഹമ്മദ് നബി, ഇക്റം അലിഖിൽ, അസ്മത്തുള്ള ഒമർ സായി, റാഷിദ് ഖാൻ, മുജീബുർറഹ്മാൻ, നൂർ അഹ്മദ്, ഫസലുൽഹഖ് ഫാറൂഖി, അബ്ദുറഹ്മാൻ, നവീനുൽ ഹഖ്.
ന്യൂഡൽഹി: ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടുമ്പോള്‍ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത് വിരാട് കോഹ്ലിയിലേക്കും നവീനുൽ ഹഖിലേക്കുമാണ്. ഇന്ത്യയുടെ സൂപ്പർ ബാറ്ററായ കോഹ്ലിയും അഫ്ഗാൻ പേസർ നവീനും കഴിഞ്ഞ ഐ.പി.എല്ലിൽ പലതവണ കൊമ്പുകോർത്തിരുന്നു. കോഹ്ലി വിളികളുമായാണ് ബംഗ്ലാദേശിനെ നേരിടാന്‍ ധര്‍മശാലയിലെത്തിയ നവീനെ ഇന്ത്യൻ ആരാധകര്‍ എതിരേറ്റതും.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ലഖ്നോ സൂപ്പര്‍ ജയന്റ്സ് മത്സരത്തിനിടെയണ് ഇരുവരും ആദ്യം വാക്തര്ക്കത്തിലേര്പ്പെട്ടത്. മത്സരശേഷം നവീനോടും ലഖ്നോ ഗൗതം ഗംഭീറിനോടും കോഹ്ലി ഏറ്റുമുട്ടിയത് വലിയ വാർത്തയായി. ഇരു താരങ്ങളുടെയും ആംഗ്യഭാഷയിലെ പ്രതികരണവും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.