ന്യൂയോർക്: അമേരിക്ക ലോക ക്രിക്കറ്റിന് വേദിയായതിന്റെ ആഘോഷമൊടുങ്ങുംമുമ്പ് കല്ലുകടിയായി സ്റ്റേഡിയത്തിലെ വലിയ പ്രശ്നങ്ങൾ. ഇന്ത്യയുടെതടക്കം രണ്ടു മത്സരങ്ങൾ പൂർത്തിയായതിനു പിറകെയാണ് ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയം കുണ്ടും കുഴിയും നിറഞ്ഞതാണെന്നും ക്രിക്കറ്റ് കളിക്കാൻ കൊള്ളില്ലെന്നും വിമർശനമുയർത്തി നിരവധി താരങ്ങൾ രംഗത്തെത്തിയത്. എന്നാൽ, വ്യാപക വിമർശനമുയർന്നെങ്കിലും ന്യൂയോർക്കിലെ പിച്ചിലുള്ള മത്സരങ്ങൾ മാറ്റാനാകില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു.
ബുധനാഴ്ച കരുത്തരായ ഇന്ത്യക്കെതിരെ അയർലൻഡ് ആദ്യം ബാറ്റു ചെയ്ത് നേടിയത് 97 റൺസ് മാത്രമാണ്. അതാകട്ടെ, 13 ഓവർ മാത്രമെടുത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തിലും അതിലേറെ പരിതാപകരമായിരുന്നു സ്കോർ. ആദ്യം ബാറ്റു ചെയ്ത ലങ്കക്കാർ 77 റൺസിൽ എല്ലാവരും പുറത്തായി. മറ്റൊരു സ്ട്രിപ്പിലായിരുന്നു ഇന്ത്യ-അയർലൻഡ് കളിയെങ്കിലും രണ്ടിടത്തും ഒരേ രീതിയിലായിരുന്നു പ്രകടനം.
അർഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും നയിച്ച ഇന്ത്യൻ പേസ് നിര എറിഞ്ഞ പന്തുകൾ പലതും തലപ്പൊക്കത്തിൽ ബൗൺസറുകളായി മൂളിയെത്തിയപ്പോൾ അയർലൻഡ് ബാറ്റർമാർ പതറി. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ഏറെ പണിപ്പെടേണ്ടിവന്നു. കുത്തിയുയർന്ന പന്ത് വെറുതെ ബാറ്റിൽ തട്ടി അയർലൻഡ് താരം പുറത്താകുന്നതും കണ്ടു.
അതിവേഗം അടയാളപ്പെട്ട ജസ്പ്രീത് ബുംറയുടെ പന്തുകൾ നോക്കിനിൽക്കാനേ പലപ്പോഴും അയർലൻഡ് താരങ്ങൾക്കായുള്ളൂ. എല്ലാത്തിനുമൊടുവിൽ പിച്ചിലെ പ്രശ്നങ്ങൾകൊണ്ട് പരിക്കേറ്റ രോഹിത് ശർമക്ക് നേരത്തെ കളംവിടേണ്ടിവന്നു. ഋഷഭ് പന്തും വേദനയുമായി പുളഞ്ഞെങ്കിലും ധീരമായി പിടിച്ചുനിന്ന് ടീമിനെ വിജയിപ്പിച്ചാണ് മടങ്ങിയത്. ഇത് താരങ്ങളുടെ ജീവൻവെച്ചുള്ള കളിയാണെന്ന വിമർശനവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ മത്സരവും അടുത്ത ദിവസം ഇതേ മൈതാനത്താണ് നടക്കുക.
അമേരിക്കൻ മണ്ണിൽ ക്രിക്കറ്റ് അവതരിപ്പിക്കാനായത് സന്തോഷകരമെങ്കിലും ഈ മൈതാനം അത്യന്തം അപകടകരമാണെന്ന് മൈക്കൽ വോൻ, ആൻഡി ഫ്ലവർ തുടങ്ങിയ മുൻതാരങ്ങൾ അഭിപ്രായപ്പെട്ടു. വിമർശനം ഇത്രയൊക്കെയുണ്ടെങ്കിലും തൽക്കാലം, നിശ്ചയിച്ച കളി ഇതേ വേദിയിൽതന്നെ നടക്കുമെന്നാണ് ഐ.സി.സി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.