ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13ാം പതിപ്പിന് ഇന്ത്യ ആതിഥ്യമരുളുകയാണ്. 1975 മുതൽ 1983 വരെ നടന്ന മൂന്നു ലോകകപ്പുകൾക്ക് ഇംഗ്ലണ്ടായിരുന്നു വേദി. 1987ൽ ആദ്യമായി ഇംഗ്ലീഷ് മണ്ണിന് പുറത്തേക്കു മാറ്റിയപ്പോൾ ഇന്ത്യയും പാകിസ്താനും സംയുക്ത ആതിഥേയരായി. ഏകദിന ലോകകപ്പിന് ഇന്ത്യ ഒറ്റക്ക് വേദിയൊരുക്കുന്നത് ഇതാദ്യം.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുറത്തുവിട്ട കരട് മത്സരക്രമപ്രകാരം പ്രകാരം ഒക്ടോബർ അഞ്ചിന് മത്സരങ്ങൾ തുടങ്ങും. നവംബർ 19നായിരിക്കും ഫൈനൽ. അന്തിമ ഫിക്സ്ചർ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
മത്സരങ്ങൾ, വേദികൾ
ആകെ 45 മത്സരങ്ങളാണ് 2023 ലോകകപ്പിലുള്ളത്. കൊൽക്കത്ത ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം, ധർമശാല എച്ച്.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് കരട് ഫിക്സ്ചർ പ്രകാരം വേദികൾ.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ഗുവാഹതി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹമത്സരങ്ങളും നടക്കും. നവംബർ 19ന് അഹ്മദാബാദിലായിരിക്കും ഫൈനൽ. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
എല്ലാവരും പരസ്പരം മുട്ടും
ഗ്രൂപ് റൗണ്ടിൽ 10 ടീമുകളും പരസ്പരം ഏറ്റുമുട്ടി ഏറ്റവും മികച്ച നാലെണ്ണം സെമിഫൈനലിൽ കടക്കുന്ന രീതിയിലാണ് ഏകദിന ലോകകപ്പ് സംവിധാനിച്ചിരിക്കുന്നത്. ടീമുകൾക്ക് ഒരേ പോയന്റ് വന്നാൽ ജയം, നെറ്റ് റൺറേറ്റ്, പരസ്പരം ഏറ്റുമുട്ടിയ ഫലം, ടൂർണമെന്റിലെ സീഡിങ് എന്നിവയാണ് യഥാക്രമം പരിഗണിക്കുക. സെമിയിൽ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്നും സ്ഥാനക്കാരും നേർക്കുനേർ വരും.
ലോകകപ്പിന് ഒരു വർഷം മുമ്പെങ്കിലും ഫിക്സ്ചർ പുറത്തുവിടാറുണ്ട്. എന്നാൽ, ഇക്കുറി വൈകി. നൂറുദിന കൗണ്ട് ഡൗണിന്റെ ഭാഗമായി ഇന്ന് ഫിക്സ്ചർ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാകിസ്താൻ സ്വീകരിച്ച സമീപനംകൂടി വൈകാൻ കാരണമായി. ബി.സി.സി.ഐ പുറത്തുവിട്ട കരട് മത്സരക്രമം ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇവരുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് അന്തിമ ഫിക്സ്ചർ തയാറാക്കുന്നത്.
കരട് മത്സരക്രമപ്രകാരം ഒക്ടോബർ 15ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ-പാക് ലീഗ് പോരാട്ടം നടക്കും. ഒക്ടോബർ അഞ്ചിന് അഹ്മദാബാദിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഉദ്ഘാടനമത്സരത്തിനിറങ്ങും. എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി.
11ന് ഡൽഹിയിൽ അഫ്ഗാനിസ്താനും 15ന് അഹ്മദാബാദിൽ പാകിസ്താനും 19ന് പുണെയിൽ ബംഗ്ലാദേശും 22ന് ധർമശാലയിൽ ന്യൂസിലൻഡും 29ന് ലഖ്നോയിൽ ഇംഗ്ലണ്ടും നവംബർ അഞ്ചിന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയും ആതിഥേയരുടെ എതിരാളികളായെത്തുന്ന രീതിയിലാണ് നിലവിലെ ഫിക്സ്ചർ. നവംബർ രണ്ടിന് മുംബൈയിലും 11ന് ബംഗളൂരുവിലും ഇന്ത്യക്ക് കളിയുണ്ട്. യോഗ്യതമത്സരങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതിലെ എതിരാളികളെ അറിയാനിരിക്കുന്നതേയുള്ളൂ.
ആതിഥേയരായ ഇന്ത്യക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇതിനകം യോഗ്യത നേടിയത്. 2020-2023 ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗായിരുന്നു യോഗ്യത നേടാനുള്ള പ്രധാന വഴി.
സൂപ്പർ ലീഗിലെ 13ൽ ഏറ്റവും മികച്ച ഏഴു ടീമുകളും ആതിഥേയരും ലോകകപ്പിന് ടിക്കറ്റെടുത്തുകഴിഞ്ഞു. 2020 ജൂലൈയിൽ തുടങ്ങി 2023 മേയിൽ അവസാനിച്ച ലീഗിലെ ടീമുകൾക്ക് മറ്റു എട്ടു ടീമുകളുമായി ഹോം/എവേ അടിസ്ഥാനത്തിൽ നാലു വീതം മൂന്നു മത്സര ഏകദിന പരമ്പരകൾ നടന്നു. കോവിഡ് പ്രതിസന്ധിയിൽ പല പരമ്പരകളും മാറ്റിവെക്കേണ്ടിവന്നു.
ആകെ 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ രണ്ടെണ്ണത്തിനുകൂടിയാണ് ഇനി അവസരമുള്ളത്. ലോകകപ്പ് സൂപ്പർ ലീഗിൽ യോഗ്യത ലഭിക്കാത്ത അഞ്ചു സ്ഥിരം അംഗങ്ങളും അഞ്ച് അസോസിയേറ്റ് രാജ്യങ്ങളും 2023 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതമത്സരത്തിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.
അതിൽനിന്ന് രണ്ടു ടീമുകളാണ് ഇന്ത്യയിൽ ലോകകപ്പ് കളിക്കാനെത്തുക. യോഗ്യതമത്സരങ്ങൾ ഈ മാസം 18ന് സിംബാബ്വെയിൽ ആരംഭിച്ചു. ജൂലൈ ഒമ്പതുവരെ നീളും. സിംബാബ്വെ, നെതർലൻഡ്സ്, വെസ്റ്റിൻഡീസ്, നേപ്പാൾ, അമേരിക്ക എന്നിവർ ഗ്രൂപ് എയിലും ശ്രീലങ്ക, സ്കോട്ലൻഡ്, ഒമാൻ, അയർലൻഡ്, യു.എ.ഇ എന്നിവർ ബിയിലുമായാണ് യോഗ്യത റൗണ്ട് പുരോഗമിക്കുന്നത്.
12ൽ അഞ്ചു ലോകകിരീടങ്ങളും ആസ്ട്രേലിയയാണ് കൊണ്ടുപോയത്. 1987ൽ ആദ്യമായി ജേതാക്കളായ ഓസീസ് 1999, 2003, 2007 ലോകകപ്പ് ചാമ്പ്യന്മാരായി ഹാട്രിക്കും കുറിച്ചു. 2015ലും കങ്കാരു നാട്ടുകാർക്ക് കിരീടനേട്ടം.
രണ്ടു ലോകകപ്പുകളിൽ ഇവർ ഫൈനലിലും തോറ്റു. ഇന്ത്യയാവട്ടെ രണ്ടു തവണയാണ് ലോക ജേതാക്കളായത്. 1983ൽ കപിൽ ദേവിനും 2011ൽ എം.എസ്. ധോണിക്കും കീഴിലായിരുന്നു നേട്ടം. 2003ൽ റണ്ണറപ്പായി. അഞ്ചു ലോകകപ്പുകൾക്ക് ആതിഥ്യമരുളിയിട്ടും നാലു പ്രാവശ്യം ഫൈനലിലെത്തിയിട്ടും ഒരിക്കൽ മാത്രമാണ് ഇംഗ്ലണ്ടിന് കപ്പടിക്കാൻ കഴിഞ്ഞത്, 2019ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.