ഇന്ത്യ-പാക് ടി20 മത്സരത്തിന്‍റെ സമ്മർദം താങ്ങാനാകുന്ന രണ്ട് താരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമുലുള്ളതെന്ന് മുൻ പാക് ക്രിക്കറ്റ് താരവും നിലവിൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ (എൽ.എൽ.സി) ഏഷ്യൻ ലയൺസിലെ കളിക്കാരനുമായ മുഹമ്മദ് ഹഫീസ്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് അതിന് കഴിയുന്ന രണ്ട് താരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
''വിരാടും രോഹിത്തുമാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങൾ. മറ്റുള്ളവർ നല്ല കളിക്കാരല്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ഇന്ത്യ-പാക് പോലൊരു മത്സരത്തിൽ ഇവർ രണ്ടു പേർ ഇല്ലാതെ ടീമിലെ മറ്റംഗങ്ങൾക്ക് കൈകാര്യം ചെയ്യുക അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യക്കെതിരെ ഞാനൊരുപാട് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇരു ടീമംഗങ്ങൾക്കും കടുത്ത സമ്മർദമാണ് അനുഭവിക്കേണ്ടി വരുന്നത് '' -ഹഫീസ് പറഞ്ഞു.
കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പിൽ പാക്കിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ആസ്ത്രേലിയയിൽ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂൾ കഴിഞ്ഞയാഴ്ച ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. കഴിഞ്ഞ പരാജയത്തിന്‍റെ മധുരപ്രതികാരത്തിന് കാത്തിരിക്കുന്ന ഇന്ത്യക്ക് നിർണായകമാണ് ആ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.