ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ അംഗമായതിന്റെ അഭിമാനത്തിൽ മലയാളി താരം മിന്നു മണി. സെമിയിലും ഫൈനലിലും കളിക്കാനാവാത്തതിൽ നിരാശയില്ലെന്നും ടീമിന്റെ ഭാഗമായതിൽ തന്നെ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു. ഏഷ്യൻ ഗെയിംസിൽ മലേഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിൽ മാത്രമാണ് മിന്നു മണി കളിച്ചത്. എന്നാൽ, ബൗളിങ്ങിനും ബാറ്റിങ്ങിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീം ബാറ്റ് ചെയ്തതിന് പിന്നാലെ മഴ കാരണം കളി മുടങ്ങുകയായിരുന്നു.
‘‘ടീം സ്വർണം നേടിയതിൽ വളരെയധികം സന്തോഷമുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടണമെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു, അത് സാധിച്ചു. ചൈനയിലെത്തിയപ്പോൾ ടീമിലുള്ള എല്ലാവരുമായും സൗഹൃദം ഉണ്ടാക്കാൻ സാധിച്ചു. സെമിയിലും ഫൈനലിലും കളിക്കാനാവാത്തതിൽ നിരാശയില്ല. കാരണം നമ്മളും ടീമിന്റെ ഭാഗമാണ്. ഞങ്ങളുടെ കൂടി സഹായത്തോടെയാണ് മറ്റു താരങ്ങള്‍ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്. ടീമിന്റെ ഭാഗമായതിൽ തന്നെ സന്തോഷമുണ്ട്’’– മിന്നു മണി പ്രതികരിച്ചു.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമിലാണ് ആള്‍റൗണ്ടറായ മിന്നു ആദ്യം ഇടംപിടിച്ചത്. ഇതോടെ കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിത താരമെന്ന നേട്ടം മിന്നു സ്വന്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായിരുന്നു. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വർഷമായി ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങി.
ഏഷ്യൻ ഗെയിംസ് ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് തോൽപിച്ചാണ് ഇന്ത്യ രണ്ടാം സ്വർണം നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ, ബൗളർമാർ ശ്രീലങ്കയെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിലൊതുക്കി. ഇന്ത്യക്കായി ഓപണർ സ്മൃതി മന്ഥാന 45 പന്തിൽ 46 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ ജമീമ റോഡ്രിഗസ് 40 പന്തിൽ 42 റൺസെടുത്തു. മറ്റൊരാൾക്കും രണ്ടക്കം കടക്കാനായില്ല. ഷെഫാലി വർമ (9), റിച്ച ഘോഷ് (9), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകാർ (2), അമൻജോത് കൗർ (1), ദീപ്തി ശർമ (1*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ശ്രീലങ്കക്കായി ഉദേഷിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 25 റൺസെടുത്ത ഹസിനി പെരേരയാണ് അവരുടെ ടോപ് സ്കോറർ. നിലാക്ഷി ഡിസിൽവ 23ഉം ഒഷാദി രണസിംഗെ 19ഉം റൺസെടുത്തു. ഇന്ത്യക്കായി ടിറ്റസ് സധു മൂന്നും രാജേശ്വരി ഗെയ്ക്‍വാദ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.