വിസ്താര എയർലൈൻസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി മുൻ ഇന്ത്യൻ പേസർ. മുംബൈയിൽനിന്ന് ദുബൈയിലേക്കുള്ള യാത്രയിൽ തനിക്കും കുടുംബത്തിനും എയർലൈൻ ജീവനക്കാരിൽനിന്ന് മോശം അനുഭവമാണുണ്ടായതെന്ന് ഇർഫാൻ പത്താൻ പറയുന്നു.
എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായാണ് പെരുമാറിയതെന്ന് ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തിയത്. ഭാര്യയും രണ്ടു മക്കൾക്കുമൊപ്പമാണ് താരം വിമാനത്താവളത്തിലെത്തിയത്. ഒരു കുട്ടിക്ക് എട്ടു മാസമായിട്ടേയുള്ളു. മുൻകൂട്ടി സീറ്റ് ഉറപ്പിച്ചിട്ടും നിലവാരം കുറഞ്ഞ സീറ്റ് അനുവദിക്കാൻ നീക്കം നടത്തിയെന്നും ഇർഫാൻ പറയുന്നു.
'ഇന്ന് ഞാൻ വിസ്താര യു.കെ-201 വിമാനത്തിൽ മുംബൈയിൽ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്നു. ചെക്ക്-ഇൻ കൗണ്ടറിൽ, എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിസ്താര എനിക്ക് നിലവാരം കുറഞ്ഞ് സീറ്റ് അനുവദിച്ചു' -ഇർഫാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ശ്രദ്ധിച്ചു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കാപ്ഷനോടെയുള്ള ട്വീറ്റിൽ എയർലൈൻ ഉദ്യോഗസ്ഥരെ ടാഗ് ചെയ്തിട്ടുണ്ട്.
കൗണ്ടറിൽ ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. എന്റെ ഭാര്യ, എട്ടുമാസം പ്രായമുള്ള കുട്ടി, അഞ്ചു വയസ്സുള്ള കുട്ടി എന്നിവർ ഈസമയം എനിക്കൊപ്പമുണ്ടായിരുന്നു. ഈസമയം അവിടെയുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫ് തന്നോടും കുടുംബത്തോടും വളരെ മോശമായാണ് പെരുമാറിയത്. മറ്റു യാത്രക്കാർക്കും ഇത്തരത്തിൽ മോശം അനുഭവമുണ്ടായതായും താരം പറയുന്നു.
താരത്തിന്‍റെ ട്വീറ്റിനു താഴെ മറ്റൊരു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. 'ഹേ എയർ വിസ്താര, നിങ്ങളിൽ നിന്ന് തികച്ചും അപ്രതീക്ഷിതം' എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഏഷ്യ കപ്പ് മത്സരങ്ങൾ കാണുന്നതിനാണ് ഇർഫാനും കുടുംബവും ദുബൈയിലേക്ക് പോയത്. ഈമാസം 27നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 28ന് ഇന്ത്യ പാകിസ്താനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.