ചാമ്പ്യൻസ് ട്രോഫി വേദി മാറ്റിയാൽ പാകിസ്താന് നഷ്ടമാകുക കോടികൾ; വിട്ടുനിന്നാൽ ഐ.സി.സി ഫണ്ടും ഇല്ലാതാകും

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്‍റ് സംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐ.സി.സി അംഗീകരിച്ചെങ്കിലും ശക്തമായ എതിപ്പുമായി പി.സി.ബി രംഗത്തുവന്നിട്ടുണ്ട്. വേദി അനിശ്ചിതത്വം വന്നതോടെ ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫിക്സ്ചർ ഇടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

1996ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് പാകിസ്താൻ ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയാൻ ഒരുങ്ങുന്നത്. എന്നാൽ നിഷ്പക്ഷ വേദി പരിഗണിക്കമെന്ന ഇന്ത്യയുടെ ആവശ്യം പി.സി.ബിക്ക് തലവേദനയായി. ഹൈബ്രിഡ് മോഡലിന് പി.സി.ബി തയാറല്ലെങ്കിൽ പാകിസ്താനിൽ നിന്ന് വേദി മാറ്റാനുള്ള തയാറെടുപ്പ് നടക്കുന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്ക‍യും യു.എ.ഇയും പരിഗണനയിലുള്ളതായാണ് വിവരം. വേദി മാറ്റിയാൽ പാകിസ്താന് കോടികളുടെ നഷ്ടം വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹോസ്റ്റിങ് ഫീസായി മാത്രം 65 മില്യൻ യു.എസ് ഡോളറാണ് (ഇന്ത്യൻ രൂപ 548.62 കോടി) പാകിസ്താന് ഐ.സി.സിയിൽനിന്ന് ലഭിക്കുക. വേദി മാറ്റിയാൽ ഈ തുക ലഭിക്കില്ല. മറ്റെവിടേക്കെങ്കിലും മാറ്റിയാൽ ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി ടൂർണമെന്‍റിൽ പാകിസ്താൻ ടീം പങ്കെടുക്കില്ലെന്നും പി.സി.ബി പ്രതികരിച്ചിരുന്നു. എന്നാൽ അത് ഐ.സി.സി ഫണ്ടിങ്ങിനെ ബാധിക്കാൻ സാധ്യതയുണ്ട്. പി.സി.ബിക്കുമേൽ ഐ.സി.സി ഉപരോധമേർപ്പെടുത്തുകയോ ഫണ്ട് വെട്ടിക്കുറക്കുകയോ ചെയ്താൽ വൻ തിരിച്ചടിയാകും. ഇന്ത്യയോ പാകിസ്താനോ വിട്ടുനിന്നാൽ ഐ.സി.സിക്കും തിരിച്ചടിയാകും. മത്സരങ്ങൾ കാണാനുള്ള കാണികൾ കുറയുന്നതു മുതൽ പരസ്യ വരുമാനത്തെ വരെ ടീമുകളുടെ പിന്മാറ്റം ബാധിക്കും.

പാകിസ്താൻ സന്ദർശിക്കുന്നതിൽ ടീം ഇന്ത്യക്ക് എന്താണ് തടസമെന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി.ബി ഐ.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകൾ പലപ്പോഴായി പാകിസ്താനിലെത്തി പരമ്പരകൾ കളിച്ചിട്ടുണ്ട്. അവർക്കാക്കും ഇല്ലാത്ത സുരക്ഷാ ആശങ്ക ഇന്ത്യക്ക് എന്തിനാണെന്ന് പി.സി.ബി ചോദിക്കുന്നു. ഹൈബ്രിഡ് മോഡൽ വേണമെന്ന് ഇന്ത്യയും പറ്റില്ലെന്ന് പാകിസ്താനും വ്യക്തമാക്കുന്നതോടെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഐ.സി.സിയുടെ തീരുമാനമാകും ഇനി നിർണായകമാകുക.

Tags:    
News Summary - Pakistan can lose millions if Champions Trophy is moved or postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.