ജൊഹനാസ്ബർഗ്: 100 അന്താരാഷ്ട്ര ട്വന്‍റി20 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോഡ് പാകിസ്താൻ ക്രിക്കറ്റ് ടീമിന് സ്വന്തം. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് തോൽപിച്ചാണ് പാകിസ്താൻ റെക്കോഡ് നേട്ടത്തിലെത്തിയത്.
ഇതുവരെ 164 മത്സരങ്ങൾ കളിച്ച പാക് ടീം 100 എണ്ണം വിജയിച്ചപ്പോൾ 59 എണ്ണം തോറ്റു. മൂന്ന് മത്സരങ്ങൾ സമനിലയായപ്പോൾ രണ്ടെണ്ണം ഉപേക്ഷിച്ചു.
142 മത്സരങ്ങളിൽ നിന്ന് 88 വിജയങ്ങളുമായി ചിരവൈരികളായ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 47 മത്സരങ്ങൾ ടീം ഇന്ത്യ തോറ്റപ്പോൾ മൂന്നെണ്ണം ടൈ ആയി. നാല് മത്സരങ്ങൾ ഉപേക്ഷിച്ചു. 71വിജയങ്ങൾ വീതവുമായി ആസ്ട്രേലിയ (136 മത്സരങ്ങൾ), ദക്ഷിണാഫ്രിക്ക (128 മത്സരങ്ങൾ), ന്യൂസിലൻഡ് (145 മത്സരങ്ങൾ) എന്നീ ടീമുകളാണ് മൂന്നാം സ്ഥാനത്ത്.
ജെഹനാസ്ബർഗിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ആറുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. എയ്ഡൻ മാർക്രം (51), ഹെന്‍റിക് ക്ലാസൻ (50), പിറ്റ് വാൻ ബില്യോൻ (24 പന്തിൽ 34) എന്നിവർ ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഒരുപന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തിങ്കളാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.