ലഹോർ: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്‍റെ നാണക്കേടിൽനിന്ന് മോചിതരായിട്ടില്ല പാകിസ്താൻ ക്രിക്കറ്റ് ടീം. ഇതിനുപിന്നാലെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതിനും വിമർശനം നേരിടുകയാണ് പാക് താരങ്ങൾ. 34 കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, ഒഫിഷ്യൽസ് എന്നിവക്കു പുറമെ പുറമെ കളിക്കാരുടെ കുടുംബാംഗങ്ങളായ 28 പേരും ടീം ഹോട്ടലിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
താരങ്ങളുടെ ഭാര്യമാർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരാണ് പ്രധാനമായും സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. ചിലരുടെ സഹോദരങ്ങളും പാക് ടീമിന്‍റെ ഹോട്ടലിലുണ്ടായിരുന്നു. ബാബർ അസം, ഹാരിസ് റൗഫ്, ഷദാബ് ഖാൻ, ഫഖർ സമാൻ, മുഹമ്മദ് ആമിർ എന്നിവരോടൊപ്പം കുടുംബാംഗങ്ങളുണ്ടായിരുന്നു. അവിവാഹിതനായ ബാബറിനൊപ്പം മാതാപിതാക്കളും സഹോദരനുമാണ് ഹോട്ടലിലുണ്ടായിരുന്നത്. ടീമിനൊപ്പമുണ്ടായിരുന്ന ‘മറ്റുള്ളവരെ’ താമസിപ്പിക്കാൻ അറുപതോളം മുറികൾ ബുക്ക് ചെയ്തെന്നും റിപ്പോർട്ടുണ്ട്.
കുടുംബാംഗങ്ങളുടെ ചെലവ് നിർവഹിച്ചത് താരങ്ങളാകാമെങ്കിലും കളിയിൽനിന്ന് ശ്രദ്ധ തെറ്റാൻ ഇവരുടെ സാന്നിധ്യം കാരണമായിരിക്കാം എന്നാണ് പ്രധാന വിമർശനം. കുടുംബത്തോടൊപ്പം കളിക്കാർ പുറത്തുപോകാനും ഡയറ്റ് മറന്ന് ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയുണ്ട്. ഇത് അവരുടെ ഫിറ്റ്നസിനെ ബാധിക്കാം. ചെറിയ ടൂർണമെന്‍റുകളിലല്ലാതെ ലോകകപ്പ് പോലുള്ള വലിയ വേദികളിലേക്ക് താരങ്ങൾക്കൊപ്പം കുടുംബത്തെ അയക്കാൻ പി.സി.ബി തയാറാകരുതായിരുന്നെന്ന് മുൻ താരങ്ങൾ വിമർശിച്ചു.
മുഹമ്മദ് ആമിർ പേഴ്സനൽ ട്രെയിനറെ ഒപ്പം കൂട്ടിയതും വിവാദമായി. ടീമിന് വിദേശ ട്രെയിനർ, സ്ട്രെങ്ത് കണ്ടിഷനിങ് കോച്ച്, ഫിസിയോ, ഡോക്ടർ എന്നിവരുള്ളപ്പോഴാണ് ആമിറിന്‍റെ നടപടി. പരിശീലന വേളകളിൽ താരം മറ്റുള്ളവരിൽനിന്ന് മാറി നിന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വിമർശനങ്ങൾ തള്ളിയ പാക് ക്രിക്കറ്റ് ബോർഡ്, താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ന്യൂയോർക്കിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ യു.എസിനോടും പിന്നാലെ ഇന്ത്യയോടും തോറ്റതോടെയാണ് പാകിസ്താൻ ടൂർണമെന്‍റിൽനിന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.