പരിക്കേറ്റ് ചികിത്സയിലായിട്ടും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തിരിഞ്ഞു നോക്കാത്ത അവരുടെ അതിവേഗ ബൗളർ ഷഹീൻ അഫ്രീദി തിരിച്ചുവരവിനൊരുങ്ങുന്നു. ബൗളിങ് പരിശീലനം പുനരാരംഭിച്ച ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് താരം. പരിക്കിൽനിന്ന് മുക്തനായി വരുന്ന താരത്തെ ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ആസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുന്ന ട്വന്റി 20 ലോകക്കപ്പിൽ മികച്ച പ്രകടനം നടത്തിയേക്കാവുന്ന അഞ്ച് ബൗളർമാരെ മുൻ ആസ്ട്രേലിയൻ സൂപ്പർ താരം മാർക് വോ തെരഞ്ഞെടുത്തതിൽ രണ്ടാമനായി ഉൾപ്പെടുത്തിയത് ഷഹീൻ അഫ്രീദിയെയായിരുന്നു. പാകിസ്താന്റെ ബൗളിങ് അറ്റാക്കിനെ നയിക്കുന്നത് അഫ്രീദിയാണെന്നും വലംകൈയൻമാർക്ക് തന്റെ ഇൻ-സ്വിംഗറുകൾ ഉപയോഗിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നും വോ സാക്ഷ്യപ്പെടുത്തുന്നു.
ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റ താരത്തെ തിരിഞ്ഞുനോക്കാത്ത പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റന്മാരായ വസീം അക്രമും ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു.
''ഷഹീൻ അഫ്രീദി സ്വന്തം ചെലവിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. സ്വന്തം പണം കൊണ്ടാണ് അവിടെ താമസിക്കുന്നത്. ഞാനാണ് അദ്ദേഹത്തിന് ഒരു ഡോക്ടറെ ഏർപ്പാട് ചെയ്തത്. ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പി.സി.ബി ഇന്റർനാഷനൽ ക്രിക്കറ്റ് ഡയറക്ടർ സക്കീർ ഖാൻ ഒന്നോ രണ്ടോ തവണ മാത്രമാണ് തന്നോട് സംസാരിച്ചത്'' സമാ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഷാഹിദ് അഫ്രീദിയുടെ ഭാവി മരുമകനാണ് ഷാഹിൻ അഫ്രീദി.
പാകിസ്താൻ ഫാസ്റ്റ് ബൗളിങ് ഇതിഹാസം വസീം അക്രമും ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തെത്തിയിരുന്നു. "ഇത് ഞെട്ടിക്കുന്നതാണ്. ഷഹീൻ നമ്മുടെ മുൻനിര ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. പി.സി.ബി അദ്ദേഹത്തെ പരിപാലിക്കുന്നില്ല എന്നത് ശരിയാണെങ്കിൽ, ഇത് ശരിക്കും സങ്കടകരമാണ്. അദ്ദേഹത്തിന്റെ ചികിത്സ കാര്യത്തിൽ ബോർഡ് ഇത്ര അലംഭാവം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച കാൽമുട്ട് ശസ്ത്രക്രിയ വിദഗ്ധന്റെ അടുത്തേക്ക് അവനെ അയക്കേണ്ടതായിരുന്നു. പക്ഷേ, പകരം സ്വന്തം ചെലവിൽ ഒറ്റക്കാണ് അതെല്ലാം ചെയ്യുന്നത്" അദ്ദേഹം പറഞ്ഞു.
2022 ജൂലൈയിൽ ശ്രീലങ്കക്കെതിരെ ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിലാണ് ഷഹീൻ അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത്. കഴിഞ്ഞയാഴ്ച ശ്രീലങ്കയോട് ഫൈനലിൽ പാകിസ്താൻ പരാജയപ്പെട്ട ഏഷ്യാ കപ്പ് അദ്ദേഹത്തിന് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.