പാകിസ്താന് ആദ്യജയം; കാനഡയെ തോൽപ്പിച്ചത് ഏഴു വിക്കറ്റിന്

ന്യൂയോർക്: തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം പാകിസ്താൻ ട്വന്റി 20 ലോകകപ്പിൽ ജയം കണ്ടെത്തി. കാനഡക്കെതിരായ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് പാകിസ്താൻ ജയിച്ചത്.

ആദ്യം ബാറ്റുചെയ്ത കാനഡ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. പാകിസ്താൻ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

അർധ സെഞ്ച്വറി നേടിയ പുറത്താകാതെ നിന്ന മുഹമ്മദ് റിസ് വാനാണ് (53) പാകിസ്താന്റെ ടോപ് സ്കോറർ. 33 റൺസെടുത്ത നായകൻ ബാബർ അസമും ആറ് റൺസെടുത്ത ഓപണർ സായിം അയ്യൂബും നാല് റൺസെടുത്ത ഫഖർസമാനുമാണ് പുറത്തായത്. രണ്ടു റൺസുമായി ഉസ്മാൻ ഖാൻ പുറത്താകാതെ നിന്നു. ഡിലോൺ ഹേലിഗർ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയോടും യു.എസിനോടും പരാജയപ്പെട്ട പാകിസ്താൻ ഇന്നത്തെ ജയത്തോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയെ ഓപണർ ആരോൺ ജോൺസണിന്റെ ഒറ്റയാൾ പ്രകടനമാണ് തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. 44 പന്തിൽ നാല് സിക്സും നാലു ഫോറുമുൾപ്പെടെ 52 റൺസാണ് ആരോൺ ജോൺസൻ നേടിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റഊഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

മൂന്നാം ഓവർ സമാപിക്കെ കാനഡക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപണർ നവ്നീത് ധലിവാലിനെ (4) മുഹമ്മദ് ആമിർ ബൗൾഡാക്കുമ്പോൾ സ്കോർ 20. ആറാം ഓവറിൽ പർഗത് സിങ്ങിനെ (2) ഷഹീൻ അഫ്രീദിയുടെ പന്തിൽ ഫഖർ സമാൻ പിടികൂടി. 29 റൺസ് മാത്രമായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. നിക്കോളാസ് കിർട്ടണെ (1) ഇമാദ് വസീം റണ്ണൗട്ടാക്കി. ഏഴ് ഓവറിൽ മൂന്നിന് 43.

ഓപണർ ആരോൺ ജോൺസൺ ഒരറ്റത്ത് പൊരുതവെ വിക്കറ്റുകൾ നിലംപതിച്ചുകൊണ്ടിരുന്നു. പത്താം ഓവർ എറിഞ്ഞ ഹാരിസ് റഊഫ് ശ്രേയസ് മൊവ്വയെ (2) വിക്കറ്റിന് പിറകിൽ മുഹമ്മദ് റിസ് വാനെ ഏൽപിച്ചു. ഒരു പന്തിന് ശേഷം രവീന്ദർപാൽ സിങ്ങിനെ (0) ഫഖർ പിടിച്ചതോടെ അഞ്ചിന് 54. ആരോണിന്റെ പോരാട്ടത്തിന് 14ാം ഓവറിൽ നസീം ഷാ വിരാമമിട്ടു. അർധ ശതകം കടന്നതിന് പിന്നാലെ ഓപണറുടെ കുറ്റിയിളകി. 10 റൺസായിരുന്നു ക്യാപ്റ്റൻ സാദ് ബിൻ സഫറിന്റെ സംഭാവന. ആമിറിന്റെ പന്തിൽ റിസ് വാന് മറ്റൊരു ക്യാച്ച്. ഏഴിന് 87ലേക്ക് തകർന്നടിഞ്ഞ കാനഡ മൂന്നക്കം കടക്കില്ലെന്ന് തോന്നിച്ചെങ്കിലും കലീം സനയും (13) ദിലൻ ഹെയ്‍ലിഗറും (9) ചേർന്ന് സ്കോർ 106ലേക്ക് എത്തിച്ചു.

Tags:    
News Summary - Pakistan win by eight wickets against Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.