ദുബൈ: ട്വൻറി20 ലോകകപ്പിൽ പാകിസ്താന് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ് രണ്ടിൽ രണ്ടാം ജയം തേടിയിറങ്ങിയ അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനാണ് പാക് പട മുട്ടുകുത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ ആറു വിക്കറ്റിന് 147 റൺസെടുത്തപ്പോൾ പാകിസ്താൻ ആറു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നായകൻ ബാബർ അസം (47 പന്തിൽ 50), ഫഖർ സമാൻ (25 പന്തിൽ 30), ആസിഫ് അലി (ഏഴു പന്തിൽ 25*) എന്നിവരുടെ മികവിലായിരുന്നു പാക് വിജയം.
രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാെൻറ നേതൃത്വത്തിൽ അഫ്ഗാൻ അവസാനം വരെ പൊരുതി. 12 പന്തിൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരിക്കെ 19ാം ഓവറിൽ നാലു കൂറ്റൻ സിക്സുമായി ആസിഫ് അലി പാകിസ്താനെ ജയത്തിലെത്തിക്കുകയായിരുന്നു. ആസിഫ് അലിയാണ് കളിയിലെ കേമൻ.
നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ തുടക്കത്തിൽ തകർന്ന് ഒരുഘട്ടത്തിൽ നാലിന് 39 എന്ന നിലയിലായിരുന്നു. ഹസ്റത്ത് സസായ് (0), മുഹമ്മദ് ഷഹ്സാദ് (8), റഹ്മത്തുല്ല ഗുർബാസ് (10), അസ്ഗർ അഫ്ഗാൻ (10) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതാണ് അഫ്ഗാന് വിനയായത്. കുറച്ചുനേരം പിടിച്ചുനിന്ന കരീം ജനത്ത് (15), നജീബുല്ല സദ്റാൻ (22) എന്നിവരും വൈകാതെ മടങ്ങിയതോടെ ആറിന് 76 എന്ന നിലയിലായി അഫ്ഗാൻ.
എന്നാൽ, പിന്നീടെത്തിയ നായകൻ മുഹമ്മദ് നബിയും ഗുൽബുദ്ദീൻ നയ്ബും പുറത്താവാതെ 35 റൺസ് വീതമെടുത്ത് പിടിച്ചുനിന്നത് അഫ്ഗാന് ജീവൻ പകർന്നു. 13ാം ഓവറിൽ ഒരുമിച്ച ഇരുവരും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 43 പന്തിൽ 71 റൺസാണ് അഫ്ഗാൻ സ്കോർബോർഡിൽ എഴുതിച്ചേർത്തത്.
നബി 32 പന്തിൽ അഞ്ചു ബൗണ്ടറിയടിച്ചപ്പോൾ നയ്ബ് 25 പന്തിൽ ഒരു സിക്സും നാലു ഫോറുമടിച്ചു. ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹിൻഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസൻ അലി, ശദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.