ഇസ്രായേൽ അനുകൂല സംഘടന പ്രവർത്തകർക്കൊപ്പം ഷാഹിദ് അഫ്രീദി സെൽഫിക്ക് പോസ് ചെയ്യുന്നു

‘ഫലസ്തീനിലെ ദുരിതങ്ങൾ ഹൃദയഭേദകം’; ഇസ്രായേൽ അനുകൂല സംഘടനക്കൊപ്പമുള്ള സെൽഫി വിവാദത്തിൽ ഷാഹിദ് അഫ്രീദി

ലണ്ടൻ: ഫലസ്തീൻ സംഘടനയായ ഹമാസ് ബന്ധികളാക്കിയ ഇസ്രായേൽ പൗരന്മാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവർക്കൊപ്പമുള്ള സെൽഫി വിവാദമായതോടെ വിശദീകരണവുമായി മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. കഴിഞ്ഞ ഞായറാഴ്ചയാണ് മാഞ്ചസ്റ്ററിൽ ഇസ്രായേൽ അനുകൂല സംഘടനയായ ‘നോർത്ത് വെസ്റ്റ് ഫ്രൻഡ്സ് ഓഫ് ഇസ്രായേൽ’ പ്രവർത്തകർക്കൊപ്പം അഫ്രീദി സെൽഫിക്ക് പോസ് ചെയ്തത്. ഫോട്ടോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഘടന തങ്ങളുടെ പ്രതിഷേധത്തെ അഫ്രീദി പിന്തുണച്ചെന്ന അവകാശവാദവുമായി രംഗത്തുവന്നിരുന്നു. ചിത്രം വൈറലാവുകയും വിവാദത്തിന് തിരികൊളുത്തുകയും ചെയ്തതോടെ അഫ്രീദി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

ഒരു സെൽഫിക്കായി അവർ തന്നെ സമീപിച്ചപ്പോൾ താൻ സമ്മതിച്ചെന്നും എന്നാൽ, ഫലസ്തീനിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചെന്നുമാണ് അഫ്രീദിയുടെ വിശദീകരണം. ഫലസ്തീനിലെ നിരപരാധികളുടെ ദുരിതങ്ങൾ ശരിക്കും ഹൃദയഭേദകമാണെന്നും അതിനാൽ, മാഞ്ചസ്റ്ററിലെ ഫോട്ടോ മനുഷ്യജീവനുകൾ അപകടത്തിലാകുന്ന ഒരു കാര്യത്തിനുമുള്ള തന്റെ പിന്തുണയല്ലെന്നും താരം കൂട്ടിച്ചേർത്തു.

‘മാഞ്ചസ്റ്ററിലെ ഒരു തെരുവിലൂടെ നടക്കുമ്പോൾ ആരാധകർ എന്ന് തോന്നിക്കുന്നവർ സെൽഫിക്കായി നിങ്ങളെ സമീപിക്കുന്നത് സങ്കൽപ്പിക്കുക. നിങ്ങൾ അതിന് നിർബന്ധിതരാകുന്നു. നിമിഷങ്ങൾക്ക് ശേഷം, അവർ അത് സയണിസ്റ്റുകളെ അനുകൂലിക്കുന്നുവെന്ന രീതിയിൽ അപ്‌ലോഡ് ചെയ്യുന്നു. അവിശ്വസനീയം! അപ്‌ലോഡ് ചെയ്യുന്നതെല്ലാം വിശ്വസിക്കരുത്. ഫലസ്തീനിലെ നിരപരാധികളുടെ ദുരിതങ്ങൾ ശരിക്കും ഹൃദയഭേദകമാണ്. അതിനാൽ, മാഞ്ചസ്റ്ററിലെ ഫോട്ടോ മനുഷ്യജീവനുകൾ അപകടത്തിലാകുന്ന ഒരു കാര്യത്തിനുമുള്ള എന്റെ പിന്തുണയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാറുണ്ട്. ഇവിടെയും സാഹചര്യം വ്യത്യസ്തമല്ല. ഞാൻ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും യുദ്ധം അവസാനിക്കാനും വേണ്ടി പ്രാർഥിക്കുന്നു’ -അഫ്രീദി കൂട്ടിച്ചേർത്തു.

അതേസമയം, അഫ്രീദിയുടെ വിശദീകരണത്തിനെതിരെ നോർത്ത് വെസ്റ്റ് ഫ്രൻഡ്സ് ഓഫ് ഇസ്രായേൽ രംഗത്തെത്തി. മാസ്ക് ധരിച്ചെത്തിയ അഫ്രീദി തങ്ങളെ സമീപിക്കുകയായിരുന്നെന്നും പിന്തുണ അറിയിച്ച അദ്ദേഹം പിന്നീട് മാസ്ക് മാറ്റി പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്നവർക്കൊപ്പം സെൽഫിയെടുക്കാൻ സമ്മതിക്കുകയായിരുന്നെന്നും സംഘടന അവകാശപ്പെട്ടു. 

Tags:    
News Summary - 'Palestinian suffering is heartbreaking'; Shahid Afridi in selfie controversy with pro-Israel organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.