മുംബൈ: ഇന്ത്യ അഹ്മദാബാദ് ടെസ്റ്റിൽ മേൽക്കൈ നേടിയതിനു പിന്നാലെ ട്വിറ്ററിൽ മുൻ ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്റയാണ് താരം. കളിയുമായി പ്രത്യക്ഷത്തിൽ നേരിട്ട് ബന്ധമില്ലാത്ത നെഹ്റ ട്രെൻഡിങ്ങായത് രസകരമായ വിശേഷണത്തിലൂടെയാണ്. നാലാം ടെസ്റ്റിൽ ഗംഭീര സെഞ്ച്വറിയുമായി ഇന്ത്യൻ ഇന്നിങ്സിനെ കൈപിടിച്ചുയർത്തിയ ഋഷഭ് പന്തുമൊത്തുള്ള നെഹ്റയുടെ ഫോട്ടോയാണ് ഈ ട്രെൻഡിങ്ങിന് പിന്നിൽ. നെഹ്റ ഇന്ത്യൻ ടീമിൽ കളിക്കുന്ന കാലത്ത് കുട്ടികളുടെ ടൂർണമെന്‍റിൽ അതിഥിയായെത്തിയപ്പോൾ പന്തിന്‍റെ ബാറ്റിൽ ഓട്ടോഗ്രാഫ് നൽകുന്നതാണ് ചിത്രത്തിലുള്ളത്.
ഇതിനൊപ്പം, വർഷങ്ങൾക്ക് മുമ്പ് കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിൽ ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നെഹ്റ സമ്മാനം നൽകുന്ന ചിത്രവും ട്വിറ്റർ ഉൾപെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഡൽഹിക്കാരനായ നെഹ്റ നാട്ടിലെ കുഞ്ഞുക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കാട്ടിയിരുന്ന താൽപര്യവും ഈ ചിത്രങ്ങൾക്കൊപ്പം പ്രകീർത്തിക്കപ്പെടുന്നു.
'ഡൽഹിയിലെ യുവതാരങ്ങളുടെ വിജയത്തിനുപിന്നിൽ നെഹ്റയുടെ പിന്തുണയുമുണ്ട്. നെഹ്റയിൽനിന്ന് ഒാട്ടോഗ്രാഫ് വാങ്ങിയവർ നാടറിയുന്ന കളിക്കാരായി മാറുന്നു' എന്ന് പലരും ട്വീറ്റ് ചെയ്തു. 'ഇന്ത്യക്ക് വേണ്ടി കളിക്കാനും മികച്ച താരമാകാനും ആഗ്രഹിക്കുന്നവർ നെഹ്റയിൽനിന്ന് ഓട്ടോഗ്രാഫ് വാങ്ങൂ' എന്ന് മറ്റുചിലർ.
ഇന്ത്യയിലെ കുട്ടിത്താരങ്ങൾക്ക് മുഴുവൻ നെഹ്റ ഓട്ടോഗ്രാഫ് നൽകണമെന്നും ഇതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹവുമായി കരാറൊപ്പിടണമെന്നും ചില കളിയാരാധകർ തമാശരൂപേണ ആവശ്യമുന്നയിക്കുന്നു. ഭാവിയിലെ കോഹ്ലിയാണ് ഋഷഭ് എന്ന് താരതമ്യപ്പെടുത്തിയാണ് പലരും നെഹ്റക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ ചേർത്തുവെച്ച് കമന്‍റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.