ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വിക്കറ്റ്കീപ്പർ ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാചുകൾ എടുക്കുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ശർദുൽ ഠാക്കൂറിന്‍റെ പന്തിൽ ലുൻഗി എൻഗിഡിയെ കൈപ്പിടിയിൽ ഒതുക്കിയാണ് പന്ത് എം.എസ്. ധോണി നേതൃത്വം നൽകുന്ന പട്ടികയിൽ ഇടം കണ്ടെത്തിയത്.
ധോണിയെ (256) കൂടാതെ സയിദ് കിർമാണിയും (160) കിരൺ മോറെയുമാണ് (110) ക്യാചുകളുടെ കാര്യത്തിൽ സെഞ്ച്വറിയടിച്ച് മറ്റ് വിക്കറ്റ് കീപ്പർമാർ.
നേരത്തെ സെഞ്ചൂറിയൻ ടെസ്റ്റിനിടെ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകളിൽ പങ്കാളിയാകുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡ് പന്ത് സ്വന്തമാക്കിയിരുന്നു. 36 ടെസ്റ്റിൽ നിന്ന് 100 വിക്കറ്റുകളിൽ പങ്കാളിയായ ധോണിയെയാണ് പന്ത് (26 ടെസ്റ്റ്) മറികടന്നത്.
രണ്ടാം ടെസ്റ്റിൽ ഏഴുവിക്കറ്റ് വീഴ്ത്തിയ ശർദുലിന്‍റെ മികവിൽ ഇന്ത്യ ആതിഥേയരെ 229ന് പുറത്താക്കിയിരുന്നു. 27 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം രണ്ടിന് 85 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കിപ്പോൾ 58 റൺസ് ലീഡായി. ചേതേശ്വർ പുജാരയും (35) അജിൻക്യ രഹാനെയുമാണ് (11) ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.