ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്താനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ ടൂർണമെന്റിന്റെ വേദി സംബന്ധിച്ച തർക്കം മുറുകുന്നു. സുരക്ഷാ കാരണങ്ങളെ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് സംഘടിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിർദേശം. ഇതിനെ ഐ.സി.സിയും പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഹൈബ്രിഡ് മോഡലെന്ന നിർദേശം പി.സി.ബി അംഗീകരിച്ചിട്ടില്ല. ഇതോടെ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ ഇടൽ പോലും അനിശ്ചിതത്വത്തിലായി. മത്സരത്തിന്റെ 100 ദിനം മുമ്പ് ലഹോറിൽ സംഘടിപ്പിക്കാനിരുന്ന പരിപാടി ഐ.സി.സി റദ്ദാക്കിയിരുന്നു.
ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ഐ.സി.സിയുടെ നിർദേശം പാലിക്കാൻ പി.സി.ബി തയാറല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ വേദി പാകിസ്താനിൽനിന്ന് മാറ്റിയാൽ തങ്ങളുടെ ടീമിനെ അയക്കില്ലെന്ന കടുത്ത നിലപാടിലേക്ക് പി.സി.ബി നീങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ തയാറാകാത്തതിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ സംഘടിപ്പിച്ചാലും ഭൂരിഭാഗം മത്സരത്തിന്റെയും ഹോസ്റ്റിങ് ഫീസിന്റെ ഏറിയ പങ്കും പാകിസ്താന് നൽകാമെന്നായിരുന്നു ഐ.സി.സിയുടെ പറഞ്ഞത്. എന്നാൽ ഫൈനൽ ഉൾപ്പെടെ ദുബൈയിലേക്ക് മാറ്റണമെന്ന ബി.സി.സിഐയുടെ നിർദേശം പി.സി.ബിയെ ചൊടിപ്പിക്കുകയായിരുന്നു.
അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെയാണ് ചാമ്പ്യൻസ് ട്രോഫി. ഇന്ത്യൻ ടീം വരില്ലെന്ന് അറിയിച്ചതോടെ വിഷയത്തില്‍ പാകിസ്താൻ സർക്കാറിനെ സമീപിച്ചിരിക്കുകയാണ് പി.സി.ബി. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതായി ഐ.സി.സി പി.സി.ബിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ബി.സി.സി.ഐയുടെ കത്തിൽ ഇതുമായി ബന്ധപ്പെട്ട് കാരണമൊന്നും പറയുന്നില്ലെന്നും ഐ.സി.സി വ്യക്തമാക്കി. നേരത്തെ 2023 ഏഷ്യാകപ്പിന് വേദി ഇന്ത്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പാകിസ്താനു പുറമെ, ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങളാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്.
എന്നാൽ, ഇത്തവണ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് പാകിസ്താൻ. 2008ൽ ഏഷ്യാകപ്പിൽ എം.എസ്. ധോണിക്കു കീഴിലാണ് ടീം ഇന്ത്യ അവസാനമായി പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിച്ചത്. എന്നാൽ, പാകിസ്താൻ പലതവണ ഐ.സി.സി ടൂർണമെന്‍റിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. 2023 ഏകദിന ലോകകപ്പ് കളിക്കാനാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.