കിങ്സ്റ്റൺ: വയസ് വെറും അക്കങ്ങളാണെന്ന് നേരത്തെ തെളിയിച്ച ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ കടൽ കടന്നും തൻെറ ഖ്യാതി ഉയർത്തിയിരിക്കുകയാണ്.
വെടിക്കെട്ട് വീരൻമാരുടെ പൂരപ്പറമ്പായ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച ബൗളിങ്-ഫീൽഡിങ് പ്രകടനവുമായാണ് താംബെ ക്രിക്കറ്റ് ലോകത്ത് വീണ്ടും വാർത്തയായത്. കളിക്കാർ വിരമിക്കുന്ന പ്രായത്തിലാണ് 48കാരനായ താംബെ ലീഗിൽ അരങ്ങേറിയത്. എങ്കിലും ഇനിയുമേറെക്കാലം പന്തെറിയാനുള്ള 'ബാല്യം' തന്നിൽ അവശേഷിക്കുന്നതായാണ് താംബെ തെളിയിക്കുന്നത്.
ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് മത്സരത്തിനിടെയായിരുന്നു അടുത്ത മാസം 49 വയസ്സ് പൂർത്തീകരിക്കാൻ പോകുന്ന താംബെയുടെ മാസ്മരിക പ്രകടനം. എവിൻ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും ഉള്‍പ്പെടുന്ന സെൻറ് കിറ്റ്സ് ബാറ്റിങ് നിരയ്‌ക്കെതിരെ നാല് ഓവറിൽ താംബെ വിട്ടുനൽകിയത് വെറും 12 റൺസ്.
ട്വൻറി20 ക്രിക്കറ്റിലെ പിഞ്ച് ഹിറ്റർമാരിൽ പ്രധാനിയായ ക്രിസ് ലിന്നിനെതിരായ മെയ്ഡൻ ഓവറാണ് ഇതിൽ എടുത്തു പറയേണ്ടത്. 174 റൺസ് പിന്തുടരവേ അപകടകാരിയായ ലിന്നിന് ഒരു റൺ പോലും വിട്ടുനൽകാതെ പിടിച്ചുകെട്ടി സമ്മർദ്ദത്തിലാക്കാൻ താംബെക്കായി. സ്വന്തം പന്തിൽ ജോഷ്വ ഡസിൽവയെ പുറത്താക്കി ഒരുവിക്കറ്റും പേരിലാക്കി. ലീഗിലെ രണ്ടാമത്തെ മാത്രം മത്സരത്തിലായിരുന്നു പ്രകടനം.
എതിർ ടീം ഓപ്പണർ എവിൻ ലൂയിസിനെ പുറത്താക്കാൻ താംബെ എടുത്ത ക്യാച്ചും മത്സരത്തിൽ ശ്രദ്ധേയമായി. യുവതാരങ്ങളെ കവച്ചുവെക്കുന്ന മെയ്വഴക്കത്തോടെയാണ് കാരി പിയറിയുടെ പന്തിൽ പോയിൻറിൽ വെച്ച് താംബെ ലൂയിസിനെ പിടികൂടിയത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നൈറ്റ് റൈഡേഴ്സ് നേടിയത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമെടുക്കാനായ സെൻറ് കിറ്റ്സ് 59 റൺസിൻെറ കൂറ്റൻ തോൽവിയും ഏറ്റുവാങ്ങി.
2020 ഐ.പി.എൽ സീസണിനുള്ള താരലേലത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താംബെയെ വിളിച്ചെടുത്തിരുന്നു. എന്നാൽ വിരമിക്കാത്ത താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കെരുതെന്ന ബി.സി.സി.ഐ ചട്ടം ലംഘിച്ചത് താംബെക്ക് തിരിച്ചടിയായി. അബൂദബിയിലെ ടി10 ലീഗിൽ കളിച്ചതാണ് താംബെയുടെ ഐ.പി.എൽ സ്വപ്നങ്ങൾക്ക് തിരശീലയിട്ടത്.
എന്നാൽ കെ.കെ.ആറിൻെറ തന്നെ ഉടമസ്ഥതയിലുള്ള ടി.കെ.ആറിൽ കളിക്കാൻ താംബെക്ക് അവസരം ലഭിക്കുകയായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് താംബെ. 43ാം വയസിൽ രാജസ്ഥാൻ റോയൽസിനായാണ് ഐ.പി.എൽ കരിയറിന് തുടക്കമിട്ടത്.
ഗുജറാത്ത് ലയൺസിൻെറയും സൺറൈസേഴ്സ് ഹൈദരാബാദിൻെറയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.