അഹമ്മദാബാദ്: താരലേലത്തിൽ അബദ്ധത്തിൽ വിളിച്ചെടുത്ത ശശാങ്ക് സിങ് നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിന്‍റെ രക്ഷകനായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കൈവിട്ട കളി ശശാങ്കിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിലാണ് പഞ്ചാബ് ജയിച്ചുകയറിയത്.
ഗുജറാത്തിനെതിരെ 29 പന്തുകളിൽനിന്ന് ഈ 32കാരൻ 61 റൺസാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശപോരട്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെയാണ് മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയം ശിഖർ ധവാനും സംഘവും സ്വന്തമാക്കിയത്. ഈ സീസണിൽ ഒരു ടീം ചെയ്സ് ചെയ്തു കീഴടക്കുന്ന ഉയർന്ന സ്കോറാണിത്.
19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ ഈ ശശാങ്കിനെ പഞ്ചാബ് ലേലത്തിൽ വിളിച്ചെടുക്കുന്നത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. എന്നാൽ, പിന്നീടങ്ങോട്ട് ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ശശാങ്ക് സ്ഥിരം സാന്നിധ്യമാകുന്നതാണ് കണ്ടത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ഏഴാമതു ബാറ്റിങ്ങിന് ഇറങ്ങി എട്ട് പന്തിൽ 21 റൺസെടുത്തിരുന്നു.
ശശാങ്കിന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ട് പഞ്ചാബ് ടീം ഉടമയും നടിയുമായ പ്രീതി സിന്റ ഗാലറിയിൽ എഴുന്നേറ്റുനിന്നു കൈയടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ടീമിന്‍റെ അവിശ്വസനീയ ജയത്തിനു പിന്നാലെ ശശാങ്ക് താരലേല വിവാദത്തിൽ പ്രീതി സിന്‍റ ആദ്യമായി പ്രതികരിക്കുകയും ചെയ്തു. ‘ലേലത്തിൽ ഞങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സംസാരിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസം ഇന്നാണെന്ന് തോന്നുന്നു. സമാനമായ സാഹചര്യങ്ങളിലുള്ള ഒരുപാട് ആളുകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുമായിരുന്നു, സമ്മർദത്തിൽ വീഴുകയോ അല്ലെങ്കിൽ പ്രചോദനം നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു... പക്ഷെ ശശാങ്ക് തളർന്നില്ല!’ -പ്രീതി സിന്‍റ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അവൻ മറ്റുള്ളവരെ പോലെയല്ല. അവൻ ശരിക്കും വ്യത്യസ്തനാണ്. ഒരു കഴിവുറ്റ കളിക്കാരനെന്ന നിലയിൽ മാത്രമല്ല, അദ്ദേഹത്തിന്‍റെ പോസിറ്റീവ് മനോഭാവവും അവിശ്വസനീയമായ ആവേശവും അവനെ വ്യത്യസ്തനാക്കുന്നു. പരിഹാസങ്ങൾ അവനെ ഒരിക്കലും തളർത്തിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.