കുവൈത്ത് സിറ്റി: ആഗസ്റ്റിൽ മലേഷ്യയിൽ നടക്കുന്ന ടി20 വനിത വേൾഡ് കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരങ്ങൾക്കായുള്ള പരിശീലനത്തിലാണ് കുവൈത്ത് ടീം. മികച്ച ടീമിനെ ഒരുക്കി ഇത്തവണ യോഗ്യത കടമ്പകടക്കാനാണ് കുവൈത്തിന്റെ ശ്രമം. അതിനനുയോജ്യമായ രീതിയിൽ ടീം അംഗങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ടീം രൂപവത്കരണം മുതൽ കുവൈത്ത് വനിത ടീമിന്റെ നട്ടെല്ല് ഒരു മലയാളിയാണ്.
തൃശൂർ ചെമ്പുക്കാവ് സ്വദേശിനി പ്രിയദ മുരളി. കുവൈത്ത് ഇന്റർനാഷനൽ ബാങ്കിലെ ഐ.ടി എൻജിനീയറായ പ്രിയദ ഓൾറൗണ്ട് മികവുകൊണ്ട് 2008 മുതൽ ടീമിന്റെ ഭാഗമാണ്. കുവൈത്ത് ടീമിന്റെ ആദ്യ ക്യാപ്റ്റനും ഇപ്പോൾ വൈസ് ക്യാപ്റ്റനുമായ പ്രിയദയുടേത് ക്രിക്കറ്റിനൊപ്പമുള്ള മനോഹരമായൊരു യാത്രയാണ്.
പ്രിയദയുടെ പിതാവ് മുരളീധരന് ക്രിക്കറ്റ് എന്നും പ്രിയമായിരുന്നു. അച്ഛന്റെ കൂടെ കളിയിടങ്ങളിൽ പോയാണ് പ്രിയദ ക്രിക്കറ്റിനെ പരിചയപ്പെടുന്നത്. ആറുവയസ്സൊക്കെ ആയതോടെ മറ്റുകുട്ടികൾക്കൊപ്പം കളിക്കാനും തുടങ്ങി. പ്രിയദ കുവൈത്തിലെ ഗൾഫ് ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി സ്കൂൾ ടീമുണ്ടാക്കിയപ്പോൾ പ്രിയദയും അതിൽ ചേർന്നു.
ആൺകുട്ടികൾ ഭൂരിപക്ഷമുള്ള ആ ടീമിൽ പ്രിയദയായിരുന്നു ഏക പെൺതരി. അങ്ങനെ ആദ്യ ടൂർണമെന്റിൽ പങ്കാളിയായി. പിന്നീട് ക്രിക്കറ്റ് ആവേശം കൂടുകയും പിതാവിനൊപ്പം കളിയിടങ്ങൾ സന്ദർശിക്കുന്നത് പതിവാകുകയും ചെയ്തു. പിതാവിന് നെറ്റ്സിൽ പന്ത് എറിഞ്ഞുകൊടുത്തു ബൗളിങ്ങിന്റെ ബാലപാഠങ്ങളും പഠിച്ചു.
വർഷങ്ങൾ പലതുകഴിഞ്ഞു. പ്രിയദ ഗൾഫ് ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയം. കുവൈത്ത് വനിതകളുടെ ദേശീയ ക്രിക്കറ്റ് ടീം രൂപവത്കരിക്കുന്നതും കളിക്കാരെ ക്ഷണിക്കുന്നതുമായ വാർത്ത പത്രത്തിൽ കണ്ടു. താൽപര്യം തോന്നി സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തു. 2008 ലായിരുന്നു അത്. സെലക്ഷൻ ക്യാമ്പിലെ പ്രിയദയുടെ പ്രകടനം കുവൈത്ത് ദേശീയ ടീമിലേക്കുമുള്ള വാതിലായി.
ദേശീയ ടീം സെലക്ഷൻ കിട്ടിയതിന് പിറകെ പരിശീലനം ആരംഭിച്ചു. ദോഹ സിറ്റിയിലായിരുന്നു പരിശീലനം. മംഗഫിലാണ് അന്ന് പ്രിയദയുടെ കുടുംബം താമസിച്ചിരുന്നത്. പിതാവ് മുരളി ജോലി ചെയ്തിരുന്നത് മിന അൽസൂരിലും. കുവൈത്തിന്റെ മൂന്നിടങ്ങളിലായി കിടക്കുന്ന ഈ സ്ഥലങ്ങൾക്കിടയിലെ ഓട്ടം പ്രിയദ ഇപ്പോഴും ഓർക്കുന്നുണ്ട്. സ്കൂൾ കഴിഞ്ഞ് പ്രിയദ വീട്ടിലെത്തും.
അപ്പോഴേക്കും മിന അൽസൂരിൽ നിന്ന് ജോലികഴിഞ്ഞ് മുരളിയും ഓടിപ്പിടിച്ചെത്തും. തുടർന്ന് മകളെ കൂട്ടി ദോഹ സിറ്റിയിലേക്ക് കാറോടിക്കും. കുവൈത്തിലെ വൈകുന്നേരത്തെ ട്രാഫിക്കും, തിരക്കും മറികടന്ന് അതിസാഹസമാർന്ന പരിശീലന ഓട്ടത്തിന്റെ കാലം. പിതാവിന്റെ ആ കരുതലും പിന്തുണയുമാണ് പ്രിയദയുടെ കരിയറിൽ പ്രധാന പിന്തുണയായത്.
2008 ൽ ദേശീയ ടീം രൂപപ്പെടുത്തിയപ്പോൾ ആദ്യ ക്യാപ്റ്റനായതും പ്രിയദ. 2008ൽ തായ്ലൻഡിൽ നടന്ന എ.സി.സി അണ്ടർ 19 വനിത ചാമ്പ്യൻഷിപ്പായിരുന്നു ആദ്യ മത്സരം. ആദ്യ അന്താരാഷ്ട്ര ടൂർണമെന്റിൽ കുവൈത്തിനായി പ്രിയദ മികച്ച പ്രകടനം കാഴ്ചവെച്ചു. ലീഗ് റൗണ്ട് മത്സരങ്ങളിലൊന്നിൽ പ്ലെയർ ഓഫ് ദ മാച്ചും, മികച്ച ബൗളിങ് പ്രകടനത്തിന് ടൂർണമെന്റിലെ മികച്ച ബൗളറുമായി പ്രിയദ തിരഞ്ഞെടുക്കപ്പെട്ടു.
2009 ൽ മലേഷ്യയിൽ നടന്ന വനിത ട്വന്റി20 ചാമ്പ്യൻഷിപ്പിനുള്ള കുവൈത്ത് ദേശീയ ടീമിന്റെ ക്യാപ്റ്റനായി വീണ്ടും പ്രിയദയെ തിരഞ്ഞെടുത്തു. 11 വിക്കറ്റുമായി കുവൈത്തിന്റെ മുൻനിര ബൗളറായി അന്ന് പ്രിയദ. 84 റൺസുമായി ബാറ്റിങ് ശരാശരിയിൽ രണ്ടാമതുമെത്തി.
2010ൽ സിംഗപ്പൂരിൽ നടന്ന വനിത ചാമ്പ്യൻഷിപ്പിൽ സിംഗപ്പൂരിനെതിരെ കരിയറിലെ ഏറ്റവും മികച്ച 58 നോട്ടൗട്ട് സഹിതം 110 റൺസ് നേടി. പതിവ് കീപ്പർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ടൂർണമെന്റിൽ കുവൈത്തിനായി വിക്കറ്റുകൾ കാത്തതും അന്ന് പ്രിയദയാണ്.
2012ൽ കുവൈത്ത് ആതിഥേയത്വം വഹിച്ച അണ്ടർ-19 വനിതാ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം വലിയ മുന്നേറ്റം നടത്തി. ടൂർണമെന്റിനെ കുവൈത്ത് വനിത ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി പ്രിയദയുടെ ക്യാപ്റ്റൻസിയിൽ സെമിഫൈനലിലെത്തി. ടൂർണമെന്റിൽ പ്രിയദ പ്ലെയർ ഓഫ് ദ മാച്ചായി.
കുവൈത്ത് ആഭ്യന്തര മത്സരങ്ങളിലും ഇതിനിടെ പ്രിയദ മികച്ച പ്രകടനം കാഴ്ചവെച്ചു. 2022 കുവൈത്ത് വനിത പ്രീമിയർ ലീഗിൽ മികച്ച ഓൾറൗണ്ടറും മികച്ച ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 വനിത ദേശീയ ചാമ്പ്യൻഷിപ്പിൽ മികച്ച ഓൾറൗണ്ടറും പ്രിയദയായിരുന്നു.
പത്താംക്ലാസ് പഠനശേഷം തുടർപഠനത്തിനായി പ്രിയദ നാട്ടിലേക്ക് പോയി. അപ്പോഴും കുവൈത്തിനായി കളിക്കാൻ പറന്നെത്തി. 2012- 2016 വർഷങ്ങളിൽ കേരളത്തിലെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ് ബിരുദത്തിന് ചേർന്നെങ്കിലും പ്രിയദ ക്രിക്കറ്റിനെ കൈവിട്ടില്ല.
സൗത്ത് സോൺ അണ്ടർ19 വിഭാഗത്തിലും, കേരള സ്റ്റേറ്റ് സീനിയർ വനിത ടീമിലും കേരളത്തെ പ്രതിനിധീകരിച്ചു ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. മിതാലി രാജ്, വേദ കൃഷ്ണമൂർത്തി, ശിഖ പാണ്ഡെ തുടങ്ങിയ മുൻനിര ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളുമായി മത്സരിക്കാൻ അന്ന് അവസരം ലഭിച്ചു.
ബിരുദാനന്തരം കുവൈത്തിലേക്ക് മടങ്ങിയെത്തിയ ശേഷം, തായ്ലൻഡിലും യു.എ.ഇയിലും നടന്ന രണ്ട് വിദേശ ടൂർണമെന്റുകളിൽ പ്രിയദ കുവൈത്തിനെ പ്രതിനിധീകരിച്ചു ടീമിന്റെ ഭാഗമായി.
ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോൾ പ്രിയദ ബൗളറായിരുന്നു. പിന്നീട് ബാറ്റിങ്ങിലും തിളങ്ങി തുടങ്ങി. അങ്ങനെ ഓൾറൗണ്ടറായി മാറിയ പ്രിയദയാണ് ഇപ്പോൾ ടീമിന്റെ ബാറ്റിങ് ഓപൺ ചെയ്യുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വീക്കറ്റ് കീപ്പറായി തിളങ്ങാനാകുമെന്നും തെളിയിച്ചു കഴിഞ്ഞു.
ഐ.സി.സി വനിതാ ടി20 ലോകകപ്പ് പ്രവേശനമാണ് കുവൈത്ത് ടീമിനൊപ്പം പ്രിയദയുടെയും അടുത്ത ലക്ഷ്യം. അത് കുവൈത്ത് ടീമിനൊപ്പം തന്റെയും വലിയ മാറ്റമായിരിക്കുമെന്ന് പ്രിയദ കരുതുന്നു. അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്. പ്രിയദയുടെ ആ യാത്രക്ക് പിതാവ് മുരളീധരൻ കുറ്റിക്കോട്, മാതാവ് നീന മുരളീധരൻ, ഭർത്താവ് ശരത് ശശികുമാർ, ചേച്ചി പ്രണത മുരളി എന്നിവർ കൂട്ടിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.