ഐ.പി.എൽ താരലേലം പൂർത്തിയാകുമ്പോൾ കോളടിച്ച് വിദേശി നിരവധി താരങ്ങളുണ്ട്. ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനു വേണ്ടി 18.50 കോടിയാണ് പഞ്ചാബ് ചെലവിട്ടത്. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിലെത്തിക്കാൻ മുംബൈ മുടക്കിയത് 17.50 കോടിയാണ്. ഇന്ത്യയിൽനിന്ന് ഉയർന്ന തുക സ്വന്തമാക്കി മായങ്ക് അഗർവാൾ മുന്നിൽനിന്നു- 8.25 കോടിയായിരുന്നു ഹൈദരാബാദ് താരത്തിന് നൽകിയത്. എന്നാൽ, അതിലേറെയാണ് ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂകിനായി അതേ ടീം മുടക്കിയത്. 13.25 കോടി രുപ.
രാജ്യാന്തര ക്രിക്കറ്റിൽ അതിനുമാത്രം പേരും പ്രതിഭയും തെളിയിച്ചിട്ടില്ലെന്നിരിക്കെ ബ്രൂകിനെ പോലൊരു താരത്തിന് ഇത്രയും ഉയർന്ന തുക മുടക്കുന്നത് ശരിയായില്ലെന്ന് പറയുന്നു, ആസ്ട്രേലിയൻ മുൻ ബാറ്റർ ഡേവിഡ് ഹസി. താരത്തിന് ശരിക്കും കൂടിയ തുകയായി പോയി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഹൈദരാബാദ് നൽകിയത് ഉയർന്ന തുകയാണ്. അദ്ദേഹത്തിന് ലഭിച്ച തുകയിൽ ഞെട്ടലൊന്നുമില്ല. എന്നാൽ, ഐഡൻ മർക്രമിനെ പോലൊരു താരം ഉണ്ടായിരിക്കെ ഹൈദരാബാദ് അത്രയും മുടക്കേണ്ടിയിരുന്നില്ല. വാങ്ങിയ ആൾ നന്നായി. പക്ഷേ, മുടക്കിയ തുക കൂടിപ്പോയോ? എം. അശ്വിൻ, മർകൻഡെ പോലുള്ള ഇന്ത്യൻ താരങ്ങളെ വാങ്ങാനാകാതെ പോകുന്ന സാഹചര്യം സംഭവിക്കാതെ സൂക്ഷിക്കുന്നത് അവർക്ക് നന്ന്’’- സ്റ്റാർ സ്പോർട്സിനോട് താരം പറഞ്ഞു.
രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളാണ് ഹൈദരാബാദിനൊപ്പം ബ്രൂകിനായി രംഗത്തുണ്ടായിരുന്നത്. 1.5 കോടി രുപയായിരുന്നു താരത്തിന്റെ അടിസ്ഥാന മൂല്യം. വളരെ അടുത്തായി രാജ്യാന്തര ക്രിക്കറ്റിലെത്തിയ ബ്രൂക് നടത്തിയ വെടിക്കെട്ടുകളാണ് ഐ.പി.എൽ താരലേലത്തിൽ മൂല്യമുയർത്തിയത്. പാകിസ്താനെതിരായ പരമ്പരയിൽ ഇംഗ്ലീഷ് നിരയിലെ ടോപ്സ്കോററായിരുന്നു താരം. മൂന്നു സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമായി പരമ്പരയുടെ താരമാകുകയും ചെയ്തു.
അതേ സമയം, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ 16.25 കോടി മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. 16 കോടിക്ക് ലഖ്നോ വാങ്ങിയ നികൊളാസ് പൂരാനാണ് വിൻഡീസ് നിരയിൽ ഉയർന്ന തുക സ്വന്തമാക്കിയത്.
ആറു കോടിക്ക് ഗുജറാത്ത് വാങ്ങിയ ശിവം മാവി, 5.50 കോടിക്ക് ഡൽഹിക്കൊപ്പമെത്തിയ മുകേഷ് കുമാർ എന്നിവരും വലിയ തുക സ്വന്തമാക്കിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.