ന്യൂയോർക്: ലോകകിരീടങ്ങൾ എക്കാലവും കിട്ടാക്കനിയായ ദക്ഷിണാഫ്രിക്ക പ്രതീക്ഷകളോടെ ഒരിക്കൽക്കൂടി കളത്തിലേക്ക്. ന്യൂയോർക്കിലെ നസാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങുന്ന ഗ്രൂപ് ഡി മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് പ്രൊട്ടീസിന്റെ എതിരാളികൾ. കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങും മോശമല്ല. പരിക്കുകൾ വേട്ടയാടുന്ന ലങ്കയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള അവസരമാണിത്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർകറം, ഹെൻറിച് ക്ലാസൻ, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെല്ലാം ഏത് ബൗളർമാരുടെയും പേടിസ്വപ്നമാണ്. ഓൾ റൗണ്ട് മികവുമായി മാർകോ ജാൻസനുണ്ട്. കാഗിസോ റബാദ, ജെറാൾഡ് കോയെറ്റ്സി, ആൻറിച് നോർജെ എന്നിവർ പേസ് ബൗളിങ്ങിലും തബ്രൈസ് ഷംസി സ്പിന്നിലും കേമന്മാരാണ്.
മറുഭാഗത്ത്, സ്പിന്നറും ഓൾ റൗണ്ടറുമായ ലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷ്ണ എന്നിവർ പരിക്കിന്റെ പിടിയിലായിരുന്നു. മതീഷ പാതരാന, ദിൽഷൻ മധുശങ്ക തുടങ്ങിയവരുടെ പേസിലും കുശാൽ മെൻഡിസ്, പാതും നിസ്സങ്ക, സദീര സമരവിക്രമ ഉൾപ്പെടെയുള്ളവരുടെ ബാറ്റിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ദ്വീപുകാർ. 2014ൽ ജേതാക്കളായതിന് ശേഷം ദ ലയൺസ് ഒരു തവണപോലും നോക്കൗട്ടിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.