ഇസ്‌ലാമാബാദ്∙ ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിന് ചാനൽ 10 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.
പാക്കിസ്താൻ ടെലിവിഷൻ കോർപറേഷൻ (പി.ടി.വി) ആണ് നോട്ടീസ് അയച്ചത്. 'ഗെയിം ഓൺ ഹെ' എന്ന ചാനലിലെ ലൈവ് പരിപാടിക്കിടെ അവതാരകൻ നൗമാൻ നിയാസുമായുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് അക്തർ രാജി പ്രഖ്യാപിച്ച് പരിപാടി മുഴുമിപ്പിക്കാതെ സ്ഥലം വിട്ടത്. സംഭവം കരാർ ലംഘനമാണെന്നും പി.ടി.വിക്ക് ഇത് വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്നും അക്തറിനയച്ച നോട്ടീസിൽ പറയുന്നു.
മൂന്ന് മാസത്തെ ശമ്പളമായ 33.33 ലക്ഷം രൂപ താരം തിരിച്ചടക്കണമെന്നും ചാനൽ ആവശ്യപ്പെട്ടു. കരാർ കാലയളവിൽ ഇന്ത്യൻ താരം ഹർഭജൻ സിങിനൊപ്പം ഇന്ത്യൻ ചാനലിൽ അക്തർ പരിപാടിയിൽ പങ്കടുത്തതും പി.ടി.വി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ചാനലിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്നും തന്‍റെ അഭിഭാഷകൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അക്തർ ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.