തകർത്തടിച്ച് പഞ്ചാബ് ബാറ്റർമാർ; സൺറൈസേഴ്സിന് 215 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐ.പി.എല്ലിൽ ​േപ്ലഓഫിലേക്ക് മു​ന്നേറിയ സൺറൈസേഴ്സ് ഹൈദരാബാദും പുറത്തായ പഞ്ചാബ് കിങ്സും തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദിന് 215 റൺസ് വിജയലക്ഷ്യം. ഓപണർ പ്രഭ്സിമ്രാൻ സിങ്ങിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെയും റിലി റൂസോയുടെയും അഥർവ ടൈഡെയുടെയും ജിതേഷ് ശർമയുടെയും കൂറ്റനടികളുടെയും മികവിലാണ് പഞ്ചാബ് മികച്ച സ്കോറിലെത്തിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഓപണർമാരായ പ്രഭ്സിമ്രൻ സിങ്ങും അഥർവ ടൈഡെയും ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 9.1 ഓവറിൽ 97 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 27 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 46 റൺസെടുത്ത അഥർവയെ നടരാജന്റെ പന്തിൽ സൻവിർ സിങ് പിടികൂടുകയായിരുന്നു.

തുടർന്നെത്തിയ റിലി റൂസോയും ആതിഥേയ ബൗളർമാരെ നിർഭയം നേരിട്ടു. സ്കോർ 151ലെത്തിയപ്പോൾ 45 പന്തിൽ നാല് സിക്സും ഏഴ് ഫോറുമടക്കം 71 നേടിയ പ്രഭ്സിമ്രൻ സിങ് വീണു. മികച്ച ഫോമിലുള്ള ശശാങ്ക് സിങ് രണ്ട് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങുകയും റിലി റൂസോയെ (24 പന്തിൽ 49) പാറ്റ് കമ്മിൻസിന്റെ പന്തിൽ അബ്ദുൽ സമദ് കൈയിലൊതുക്കുകയും രണ്ട് റൺസെടുത്ത അശുതോഷ് ശർമയെ നടരാജൻ മടക്കുകയും ചെയ്തതോടെ സ്കോർ അഞ്ചിന് 187 എന്ന നിലയിലായി. എന്നാൽ, അവസാന ഓവറുകളിൽ ജിതേഷ് ശർമ ആഞ്ഞടിച്ചതോടെ (15 പന്തിൽ പുറത്താകാതെ (32) സ്കോർ 200 കടക്കുകയായിരുന്നു. മൂന്ന് റൺസുമായി ശിവം സിങ് പുറത്താകാതെനിന്നു. ഹൈദരാബാദിനായി ടി. നടരാജൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, വിജയകാന്ത് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. 

Tags:    
News Summary - Punjab batters smashing; Sunrisers set a target of 215 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.