മുംബൈ: ഇടക്കൊന്ന് മങ്ങിയ ഫോം തിരിച്ചുപിടിച്ച് ഉജ്ജ്വലമായി ബാറ്റുവീശിയ ശിഖർ ധവാന്റെ ഇന്നിങ്സിന്റെ കരുത്തിൽ പഞ്ചാബ് കിങ്സ് ചെന്നൈ സൂപ്പർ കിങ്സിനെ 11 റൺസിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 176 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സ്കോർ: പഞ്ചാബ് കിങ്സ് - 187/4, ചെന്നൈ സൂപ്പർ കിങ്സ് - 176/6.
ടോസ് നേടുന്നവർ ആദ്യം ബൗൾ ചെയ്യുന്നത് ശീലമായി മാറിയതോടെ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ടോസ് നേടിയ ചെന്നൈ ബൗൾ ചെയ്യാൻ തന്നെ തീരുമാനിച്ചു.
മായങ്ക് അഗർവാളും ശിഖർ ധവാനും മെല്ലെയാണ് ഇന്നിങ്സ് തുടങ്ങിയത്. താളം കണ്ടെത്താൻ വിഷമിച്ച മായങ്ക് ലങ്കൻ പേസർ മഹീഷ് തീക്ഷ്ണയുടെ പന്തിൽ 21 പന്തിൽ 18 റൺസുമായി ശിവം ദുബെക്ക് പിടികൊടുത്തു പുറത്തായി.
രണ്ടാം വിക്കറ്റിൽ ധവാന് കൂട്ടായി ഭാനുക രാജപക്സെ വന്നതോടെ സ്കോറിങ് ഉഷാറായി. അതിനിടയിൽ 37 പന്തിൽനിന്ന് ധവാൻ അർധ സെഞ്ച്വറി കുറിച്ചു. രണ്ടാം വിക്കറ്റിൽ വിലപ്പെട്ട 110 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഭാനുക രാജപക്സെ ഡ്വൈൻ ബ്രാവോയുടെ പന്തിൽ ശിവം ദുബെക്ക് പിടികൊടുത്തത്. 32 പന്തിൽ 42 റൺസായിരുന്നു രാജപക്സെയുടെ സംഭാവന.
നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൺ രണ്ടുംകൽപിച്ചായിരുന്നു ബാറ്റ് വീശിയത്. ഏഴ് പന്തിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയുമടക്കം 19 റൺസ് ഞൊടിയിടയിൽ സ്കോർബോർഡിലെത്തിച്ച് ലിവിങ്സ്റ്റൺ ബ്രാവോക്ക് വിക്കറ്റ് നൽകി മടങ്ങി. ജോണി ബെയർസ്റ്റോ ആറ് റൺസുമായി അവസാന പന്തിൽ റണ്ണൗട്ടായി. പഞ്ചാബ് 187 റൺസിന്റെ മികച്ച സ്കോറിലുമെത്തി.
ചെന്നൈക്ക് വേണ്ടി അമ്പാട്ടി റായ്ഡു 39 പന്തിൽ 78 റൺസെടുത്തു. ആറ് സിക്സും ഏഴ് ഫോറുമാണ് റായ്ഡുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. അവസാന ഓവറുകളിൽ ധോണിയും ജദേജയും ബൗണ്ടറികൾ പായിച്ചെങ്കിലും വിജയം മാത്രം അന്യംനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.