ചെന്നൈ: ബാറ്റിങ്ങിൽ വീണ്ടും ഒന്നും ശരിയാകാതെ മുംബൈ ഇന്ത്യൻസ്. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട മുംബൈ ബാറ്റ്സ്മാൻമാർക്ക് പഞ്ചാബ് കിങ്സിനെതിരെ 20 ഓവറിൽ ആകെ ചേർക്കാനായത് 131 റൺസ് മാത്രം. 52 പന്തിൽ 63 റൺസെടുത്ത രോഹിത് ശർമയും 33 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് മുംബൈക്കായി ചെറുത്തുനിന്നത്. രവി ബിഷ്ണോയും മുഹമ്മദ് ഷമിയും നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചുമത്സരങ്ങൾ പിന്നിട്ടിട്ടും മുംബൈ ബാറ്റിങ് നിരക്ക് ഇതുവരെയും ശോഭിക്കാനായിട്ടില്ല. 159, 152, 150, 137 എന്നിങ്ങനെയാണ് ഇതുവരെയുള്ള മത്സരങ്ങളിലെ മുംബൈയുടെ ടീം ടോട്ടലുകൾ. മികച്ച ഫോമിൽ പന്തെറിയുന്ന ബൗളിങ് നിരയാണ് മുംബൈക്ക് പലപ്പോഴും തുണയായെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യം നഷ്ടമായത് 3 റൺസെടുത്ത ക്വിന്‍റൺ ഡികോക്കിന്‍റെ വിക്കറ്റാണ്. വൈകാതെ ആറു റൺസുമായി ഇഷാൻ കിഷനും മടങ്ങി. 6 റൺസ് ചേർക്കുന്നതിനായി ഇഷാൻ 17 പന്തുകളാണ് നേരിട്ടത്. തുടർന്ന് റൺറേറ്റ് നന്നേ കുറഞ്ഞ മുംബൈയെ രോഹിതും സൂര്യകുമാറും ചേർന്ന് ഉയർത്തിയെടുത്ത് മൂന്നക്കം കടത്തി. മത്സരത്തിലേക്ക് മുംബൈ തിരിച്ചുവന്നെങ്കിലും ടീം സ്കോർ 105ൽ നിൽക്കേ സൂര്യകുമാർ മടങ്ങി. പിന്നാലെയെത്തിയ വെടിക്കെട്ട് വീരൻമാർ വീണ്ടും നിറം മങ്ങിയതാണ് മുംബൈക്ക് വിനയായത്. ഹാർദിക് പാണ്ഡ്യ ഒന്നും ക്രൂണാൽ പാണ്ഡ്യ മൂന്നും റൺസെടുത്ത് മടങ്ങിയപ്പോൾ കീറൺ പൊള്ളാർഡിന് 12 പന്തിൽ 16 റൺസെടുക്കാനേ ആയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.