ചെന്നൈ: മുംബൈ ഇന്ത്യൻസ് ഉയർത്തിയ കുഞ്ഞൻ സ്കോറിനെ കരുതലോടെ നേരിട്ട പഞ്ചാബ് കിങ്സിന് മൊഞ്ചുള്ള വിജയം. മുംബൈ ഉയർത്തിയ 131 റൺസ് ഒരുവിക്കറ്റ് നഷ്ടത്തിൽ 18ാം ഓവറിലാണ് പഞ്ചാബ് മറികടന്നത്. പിച്ചിന്‍റെ സ്വഭാവമറിഞ്ഞു ബാറ്റ് ചെയ്ത പഞ്ചാബ് ബാറ്റ്സ്മാൻമാരെ വീഴ്ത്താൻ മുംബൈ ബൗളർമാരുടെ കൈയ്യിൽ ആയുധമൊന്നും ശേഷിച്ചിരുന്നില്ല. 52 പന്തിൽ 60 റൺസുമായി നായകൻ കെ.എൽ രാഹുൽ മുന്നിൽ നിന്നും നയിച്ച റൺചേസിന് ക്രിസ് ഗെയ്ലും (43 നോട്ടൗട്ട്), മായങ്ക് അഗർവാൾ (25) എന്നിവർ ഉറച്ച പിന്തുണനൽകി. ആദ്യ മത്സരം വിജയിച്ച ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട പഞ്ചാബിന്‍റെ തിരിച്ചുവരവിനാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷിയായത്. അഞ്ചുമത്സരങ്ങളിൽ നിന്നുള്ള മുംബൈയുടെ മൂന്നാം തോൽവിയാണിത്.
ആദ്യം ബാറ്റുചെയ്ത മുംബൈക്കായി 52 പന്തിൽ 63 റൺസെടുത്ത രോഹിത് ശർമയും 33 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ചെറുത്തുനിന്നത്. പഞ്ചാബിനായി രവി ബിഷ്ണോയും മുഹമ്മദ് ഷമിയും നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചുമത്സരങ്ങൾ പിന്നിട്ടിട്ടും മുംബൈ ബാറ്റിങ് നിരക്ക് ഇതുവരെയും ശോഭിക്കാനായിട്ടില്ല. 159, 152, 150, 137 എന്നിങ്ങനെയാണ് ഇതുവരെയുള്ള മത്സരങ്ങളിലെ മുംബൈയുടെ ടീം ടോട്ടലുകൾ.
മുംബൈക്ക് ആദ്യം നഷ്ടമായത് 3 റൺസെടുത്ത ക്വിന്‍റൺ ഡികോക്കിന്‍റെ വിക്കറ്റാണ്. വൈകാതെ ആറു റൺസുമായി ഇഷാൻ കിഷനും മടങ്ങി. 6 റൺസ് ചേർക്കുന്നതിനായി ഇഷാൻ 17 പന്തുകളാണ് നേരിട്ടത്. തുടർന്ന് റൺറേറ്റ് നന്നേ കുറഞ്ഞ മുംബൈയെ രോഹിതും സൂര്യകുമാറും ചേർന്ന് ഉയർത്തിയെടുത്ത് മൂന്നക്കം കടത്തി. മത്സരത്തിലേക്ക് മുംബൈ തിരിച്ചുവന്നെങ്കിലും ടീം സ്കോർ 105ൽ നിൽക്കേ സൂര്യകുമാർ മടങ്ങി. പിന്നാലെയെത്തിയ വെടിക്കെട്ട് വീരൻമാർ വീണ്ടും നിറം മങ്ങിയതാണ് മുംബൈക്ക് വിനയായത്. ഹാർദിക് പാണ്ഡ്യ ഒന്നും ക്രൂണാൽ പാണ്ഡ്യ മൂന്നും റൺസെടുത്ത് മടങ്ങിയപ്പോൾ കീറൺ പൊള്ളാർഡിന് 12 പന്തിൽ 16 റൺസെടുക്കാനേ ആയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.