ചെന്നൈ: ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് 173 റൺസ് വിജയലക്ഷ്യം. ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ഇന്ന് ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലെത്താം.
തോൽക്കുന്നവർ ബുധനാഴ്ച നടക്കുന്ന ലഖ്നോ സൂപ്പർ ജയന്റ്സ്-മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിലെ വിജയികളെ മേയ് 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നേരിടും. അതിൽ ജയിക്കുന്നവർക്ക് ഫൈനലിലെത്താനാകും. ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഡെവൺ കോൺവേയുടെയും പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 10.3 ഓവറിൽ 87 റൺസ് കൂട്ടിച്ചേർത്തു. 44 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 60 റൺസെടുത്താണ് ഗെയ്‌ക്‌വാദ് പുറത്തായത്.
കോൺവേ 34 പന്തിൽ 40 റൺസെടുത്തു. ശിവം ദൂബെ (മൂന്നു പന്തിൽ ഒരു റൺസ്), അജിങ്ക്യ രഹാനെ (10 പന്തിൽ 17), അമ്പാട്ടി റായിഡു (ഒമ്പത് പന്തിൽ 17), എം.എസ്. ധോണി (രണ്ടു പന്തിൽ ഒന്ന്), രവീന്ദ്ര ജദേജ (16 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു പന്തിൽ ഒമ്പത് റൺസുമായി മുഈൻ അലി പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, മൊഹിത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും ദര്‍ശന്‍ നാല്‍കാണ്ഡെ, റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് ഗുജറാത്ത് കളത്തിലിറങ്ങിയത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി. സി.എസ്.കെയില്‍ മാറ്റങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.